നിങ്ങള്‍ വിവരംകെട്ടവരാണോ; അല്‍പ്പമെങ്കിലും മാന്യത വേണ്ടേ; പ്രസംഗത്തിനിടെ സംസാരിച്ചവരെ വേദിയില്‍ പരസ്യമായി ശാസിച്ച് കെ. ചന്ദ്രശേഖര്‍ റാവു
national news
നിങ്ങള്‍ വിവരംകെട്ടവരാണോ; അല്‍പ്പമെങ്കിലും മാന്യത വേണ്ടേ; പ്രസംഗത്തിനിടെ സംസാരിച്ചവരെ വേദിയില്‍ പരസ്യമായി ശാസിച്ച് കെ. ചന്ദ്രശേഖര്‍ റാവു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 11:10 am

ഹൈദരാബാദ്: തന്റെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്നും സംസാരിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് കാവല്‍ മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു.

നിങ്ങള്‍ ഇത്രയും വിവരംകെട്ടവരാണോ അല്‍പ്പമെങ്കിലും മാന്യത വേണ്ടേ എന്നു ചോദിച്ചായിരുന്നു ചന്ദ്രശേഖര്‍ റാവു ദേഷ്യപ്പെട്ടത്. സംസ്ഥാനത്തെ ജലസേചന പദ്ധതിയെ കുറിച്ച് ചന്ദ്രശേഖര്‍ റാവു സംസാരിച്ചു തുടങ്ങിയപ്പോഴായിരുന്നു സദസില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ സംസാരിക്കാന്‍ തുടങ്ങിയത്. ഇതോടെ മുഖ്യമന്ത്രി കുപിതനായി.

“”എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ബഹളംവെക്കുന്നത്, നിങ്ങള്‍ വിഡ്ഡികളാണോ? നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മാന്യതയുണ്ടോ? വിവരമില്ലാത്തവരെപ്പോലെ ഇങ്ങനെ പുലമ്പുകയാണോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ രോഷത്തോടെയുള്ള ചോദ്യം. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കണോ എന്ന് ആദ്യം തീരുമാനിക്കുക. കേള്‍ക്കണമെന്നുണ്ടെങ്കില്‍ പത്ത് മിനുട്ട് നേരം മിണ്ടാതിരിക്കുക””.- ചന്ദ്രശേഖര്‍ റാവു പറഞ്ഞോടെ


യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ബുലന്ദ്ശ്വര്‍ കൊലപാതകം ചര്‍ച്ചയായില്ല; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന്


ഇതോടെ മഹാബൂബ് നഗറിലെ ടി.ആര്‍.എസ് എം.പി എ.പി ജിതേന്ദ്ര റെഡ്ഡി വിഷയത്തിലിടപെട്ടു. ജനങ്ങള്‍ അവരുടെ ആവേശം കാണിച്ചതാണെന്നും താങ്കള്‍ ക്ഷമിക്കണമെന്നും ജിതേന്ദ്ര റെഡ്ഡി പറഞ്ഞപ്പോള്‍ ഇത് യൂസ്‌ലെസ് എക്‌സൈറ്റ്‌മെന്റ് ആണെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ മറുപടി. ബുദ്ധിശൂന്യമായ ഈ ആവേശം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രശേഖര്‍ റാവു ജനങ്ങളോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

നേരത്തെ അലംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും ചന്ദ്രശേഖര്‍ റാവു രോഷാകുലനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയതോടെയായിരുന്നു അദ്ദേഹം പ്രസംഗത്തിനിടെ ദേഷ്യപ്പെട്ടത്. ശാന്തരാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രവര്‍ത്തകര്‍ ചെവിക്കൊണ്ടിരുന്നില്ല. അന്നും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രവര്‍ത്തകരെ തെറിവിളിച്ചത്.

കെ.ചന്ദ്രശേഖര റാവുവിന്റെ റാലിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ഇന്നലെയായിരുന്നു തെലങ്കാന പി.സി.സി പ്രസിഡന്റിനേയും സ്ഥാനാര്‍ഥി രേവന്ത് റെഡ്ഢിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊടങ്കല്‍, ബോംറാസ്പേട്ട്, ദൗലത്താബാദ് എന്നീ മണ്ഡലങ്ങളില്‍ ചന്ദ്രശേഖര റാവു നയിക്കുന്ന മെഗാറാലി നടക്കാനിരിക്കെയായായിരുന്നു പൊലീസ് നടപടി.

ഡിസംബര്‍ രണ്ടിന് രേവന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രശേഖര റാവുവിന്റെ റാലിയെ തടണമെന്ന് ആഹ്വാനം ചെയ്തുവെന്ന് കാണിച്ചായിരുന്നു നടപടി.

അതേസമയം, ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്നും അവര്‍ ജുംല(പൊള്ളയായ വാഗ്ദാനം) സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.