| Monday, 16th October 2023, 2:12 pm

വധുവിന് 10 ഗ്രാം സ്വർണവും വിദ്യാർഥികൾക്കു സൗജന്യ ഇന്റർനെറ്റും; തെലങ്കാനയിൽ പ്രകടനപത്രിക പ്രഖ്യാപിക്കാൻ ഒരുങ്ങി കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ പ്രകടനപത്രിക പ്രഖ്യാപിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ബി.ആര്‍.എസ്. പ്രകടനപത്രിക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഒരുങ്ങുന്നത്.

നവംബർ 30ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അർഹരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയ്ക്ക് പുറമേ 10 ഗ്രാം സ്വർണവും വിദ്യാർത്ഥികൾക്ക് സൗജന്യ ഇൻ്റർനെറ്റ് സംവിധാനങ്ങളും ഒരുക്കാൻ പദ്ധതികൾ ഉണ്ടെന്ന് ടി.പി.സി.സി (തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി) ചെയർമാൻ ഡി.ശ്രീധർ ബാബു പറഞ്ഞു.

10 ഗ്രാം സ്വർണ്ണത്തിന്റെ മൂല്യമായിട്ട് 50,000 രൂപയോ 55,000 രൂപയോ നൽകുമെന്ന് ശ്രീധർ ബാബു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത് പാർട്ടിയുടെ മഹാലക്ഷ്മി ഗ്യാരണ്ടി പദ്ധതിക്ക് കീഴിൽ വരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിദ്യാർഥികൾക്ക് സൗജന്യ ഇൻറർനെറ്റ് സംവിധാനങ്ങൾ ഒരുക്കുവാനും പദ്ധതികൾ ഉണ്ടെന്ന് കോൺഗ്രസ്സ് പാർട്ടിയുടെ പ്രകടനപത്രിക കമ്മിറ്റിയുടെ അംഗം വ്യക്തമാക്കി.
എന്നാൽ കോൺഗ്രസ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പ്രകടന പത്രികയ്ക്ക് എതിരെ വിമർശനവുമായി ബി. ആർ. എസ് വക്താവ് ശ്രവൺ ദസോജു രംഗത്തുവന്നു.

എന്നാൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ഇത്തരം വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കുകയില്ലെന്നും , ചന്ദ്രന് കീഴിലുള്ള എന്തും വാഗ്ദാനമായി നൽകാൻ എല്ലാവർക്കും സാധിക്കുമെന്നും ബി.ആർ. എസ് വക്താവ് ശ്രവൺ ദസോജു ടെലഗ്രാഫിനോട് പറഞ്ഞു.

നിലവിൽ ബി..ആർ.എസ് സർക്കാർ കല്യാണ ലക്ഷ്മി, ശാദി മുബാറക് സ്കീമുകളിലൂടെ യോഗ്യരായവർക്ക് ഒറ്റത്തവണ ധനസഹായമായി 1,00,116 രൂപ നൽകുന്നുണ്ട്.

‘ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിക്കും പ്രാവർത്തികമാക്കാൻ സാധിക്കാത്ത നയങ്ങൾ ആണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു പ്രാവർത്തികമാക്കുന്നത്, ദരിദ്ര ജനവിഭാഗത്തോടുള്ള അദ്ദേഹത്തിൻ്റെ ഉദാരമനസ്കതയും അനുകമ്പയും വലുതാണ്’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച കെ.ചന്ദ്രശേഖരറാവു പ്രഖ്യാപിച്ച ബി.ആർ.എസ് പ്രകടനപത്രികയിൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ ഘട്ടം ഘട്ടമായി 5000 രൂപയായി ഉയർത്തുകയും 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ബി.ആർ.എസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം തന്നെ കോൺഗ്രസ് നേരത്തെ പുറത്തിറക്കിയ പ്രകടനപത്രികയെ അനുകരിക്കുന്നതാണെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡൻറ് രേവാനന്ദ് റെഡി ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Content Highlight: Telangana polls: 10 gm gold to brides, free internet to students likely to figure in Cong manifesto

We use cookies to give you the best possible experience. Learn more