| Friday, 3rd May 2024, 3:29 pm

രോഹിത് വെമുല ദളിതനല്ല, യഥാര്‍ത്ഥ ജാതി വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് വേമുല ദളിതനായിരുന്നില്ലെന്ന വാദം ആവര്‍ത്തിച്ചാണ് തെലങ്കാന പൊലീസ് കേസ് അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച്ച കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തന്റെ യഥാര്‍ത്ഥ ജാതി പുറത്ത് വരുമെന്ന ഭയത്തിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്‌തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കെന്തരാബാദ് എം.പി ഭണ്ഡാരു ഭട്ടാതേയ, എം.എല്‍.സി ആയിരുന്ന എന്‍. രാമചന്ദ്ര റാവു, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു, എ.ബി.വി.പി നേതാക്കള്‍, കേന്ദ്രമന്ത്രി സമൃതി ഇറാനി എന്നിവര്‍ക്ക് കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടിക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് രോഹിതിന്റെ കുടുംബം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശ്യമായ ഒന്നും തന്നെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

രോഹിതിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്ന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രോഹിതിന്റെ ആത്മഹത്യക്ക് ആരും ഉത്തരാവാദി അല്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

താന്‍ പട്ടിക ജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാമായിരുന്നു. രോഹിതിന്റെ അമ്മയാണ് അദ്ദേഹത്തിന് എസ്.സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. താന്‍ പിടിക്കപ്പെടുമെന്നും ബിരുദങ്ങള്‍ നഷ്ടമാകുമെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നുമുള്ള ഭയത്തെ തുടര്‍ന്നാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠനത്തേക്കാളും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലാണ് രോഹിതിന് താത്പര്യമുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. രോഹിതിനെതിരെ സര്‍വകലാശാല എടുത്ത നടപടി ചട്ടപ്രകാരമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് വെമുലയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് നീതി തേടിയുള്ള സമരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും, പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്ന നിയമം നടപ്പാക്കുമെന്നും ആ നിയമത്തിന് രോഹിത് വെമുലയുടെ പേരിടുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

Content Highlight: Telangana police closes Rohith Vemula case

We use cookies to give you the best possible experience. Learn more