ന്യൂദൽഹി: ഛത്തീസ്ഗഡിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ കഗാർ’ ഉടൻ അവസാനിപ്പിക്കണമെന്ന് ജനകീയ സംഘടനകളും കമ്മ്യൂണിസ്റ്റ് പാർട്ടികളും ആവശ്യപ്പെട്ടു. 2024ൽ ഏറ്റുമുട്ടലിൻ്റെ പേരിൽ 300 പേരുടെയും 2025 ജനുവരി ആദ്യ മാസത്തിൽ 50 പേരുടെയും ജീവൻ അപഹരിച്ച ആക്രമണമാണ് ഓപ്പറേഷൻ കഗാർ.
കോർപ്പറേറ്റ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും കോർപ്പറേറ്റ് ശക്തികളും തമ്മിൽ ഉണ്ടാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (എം.ഒ.യു) റദ്ദാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ നിരപരാധികളായ ആദിവാസികളുടെയും ആക്ടിവിസ്റ്റുകളുടെയും ജീവൻ അപഹരിച്ച ഏറ്റുമുട്ടലുകളിൽ സുപ്രീം കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ജനുവരി 29 ബുധനാഴ്ച തെലങ്കാനയിലെ ബഷീർബാഗ് പ്രസ് ക്ലബ്ബിൽ നടന്ന ‘നക്‌സലുകൾക്കെതിരെയുള്ള കേന്ദ്രസർക്കാരിൻ്റെ പൈശാചിക നടപടികളെ അപലപിക്കാം, ചോദ്യങ്ങൾ ചോദിക്കുന്ന ശബ്ദങ്ങളെ നമുക്ക് രക്ഷിക്കാം’ എന്ന സെമിനാറിൽ സംസാരിക്കവെയായിരുന്നു സംഘടനകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സി.പി.ഐ, സി.പി.എം, എം.സി.പി.ഐ.യു തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും തെലങ്കാന സി.എൽ.സി , എച്.ആർ.എഫ് , ഓ.പി.ഡി.ആർ , പി.യു.സി.എൽ , സി.എൽ.എം.സി തുടങ്ങിയ പൗരാവകാശ സംഘടനകളും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കോതഗുഡെം എം.എൽ.എയുമായ കുനംനേനി സാംബശിവ റാവു നടത്തിയ യോഗത്തിൽ പങ്കെടുത്തു.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന കൊലപാതകങ്ങൾ ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ലെന്നും റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിലും ഫലസ്തീനിനെതിരായ ഇസ്രഈൽ ആക്രമണത്തിലും മറ്റ് യുദ്ധങ്ങളിലും കാണുന്ന ആഗോള പ്രതിഭാസത്തിൻ്റെ ഭാഗമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രൊഫ.ജി.ഹരഗോപാൽ പറഞ്ഞു. ഇത് ഹിറ്റ്‌ലർ മാതൃകയിലുള്ള ഫാസിസം തിരിച്ചുവരുന്നതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ നാരായൺപൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളിലെ 4,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മലയോര വനമേഖലയായ അബുജ്മറിൽ 2024ൽ മാവോയിസ്റ്റുകളെ അവരുടെ ശക്തികേന്ദ്രങ്ങളിൽ ഇല്ലാതാക്കാനാണ് ഓപ്പറേഷൻ കഗാർ ആരംഭിച്ചത്.
ഈ പ്രദേശത്തെ 237 ഗ്രാമങ്ങളിലായി ഗോണ്ട്, മുരിയ, അബുജ്, ഹൽബ എന്നീ ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 35,000 ആദിവാസികൾ ഇവിടെ താമസിക്കുന്നുണ്ട്.
ഓപ്പറേഷൻ കഗാറിൻ്റെ ഭാഗമായി 650 പൊലീസ് ക്യാമ്പുകൾ, ഏഴ് ലക്ഷം സുരക്ഷാ സേനകൾ, നൂറുകണക്കിന് ഡ്രോണുകൾ, പതിനായിരക്കണക്കിന് ഹെലികോപ്റ്ററുകൾ എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മേഖലയിൽ വിന്യസിച്ചു. അവിടെ നിന്ന് മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ സൈനിക നീക്കം നടത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം.
2024 ജനുവരി ഒന്നിന് ആ ഓപ്പറേഷനുകളിലൊന്നിൽ മംഗ്ലി സോഡി എന്ന ആറുമാസം പ്രായമുള്ള പെൺകുട്ടി വെടിയേറ്റു മരിച്ചു. മകളുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അധികാരികൾ അമ്മയെ അനുവദിച്ചില്ല.
ഇരുമ്പയിര്, ഗ്രാഫൈറ്റ്, ചുണ്ണാമ്പുകല്ല്, യുറേനിയം തുടങ്ങിയ ധാതുക്കളിൽ ഈ മേഖലയിൽ ഉണ്ട്. ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ വേണ്ടിയാണ് ഇത്തരം വൻകിട കോർപ്പറേറ്റുകളുമായി 104 കരാറുകളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാക്കിയതെന്നാണ് ജനകീയ സംഘടനകൾ പറയുന്നത്.
ബസ്തറിൽ ഈ അടുത്ത് നടന്ന പത്രപ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിൻ്റെ കൊലപാതകം സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെ വൻകിട കോർപ്പറേറ്റുകളുടെ ഇംഗിതത്തിന് അനുസരിച്ച് നടന്നതാണെന്ന് പ്രവർത്തകർ അവകാശപ്പെടുന്നു.
റോഡ് പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത്. ഹൃദയം പുറത്തെടുക്കുകയും കരൾ നാലായി മുറിക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം സെപ്റ്റിക് ടാങ്കിനുള്ളിൽ കണ്ടെത്തിയത്.
2026 മാർച്ചോടെ ബസ്തറിനെ മാവോയിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Telangana People’s organisations demand end to Operation Kagaar in Chhattisgarh