| Tuesday, 4th October 2022, 6:28 pm

തരൂരിനെ പിന്നിൽനിന്ന് വെട്ടാൻ എ.ഐ.സി.സി | D Nation

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിയുടെ പ്രചരണത്തിൽ തെലങ്കാന പി.സി.സി വിട്ടുനിന്നുവെന്ന വാർത്തയാണ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയതായി വരുന്നത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ തരൂർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നേതാക്കളെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായി ശശി തരൂർ ഹൈദരാബാദിലെത്തിയത്.

ഹൈദരാബാദ് എയർപ്പോർട്ടിലെത്തിയ തരൂരിന് വമ്പിച്ച സ്വീകരണമാണ് അവിടുത്തെ കോൺഗ്രസ് പ്രവർത്തകർ നൽകിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾ തന്നെ കാണാൻ കൂട്ടാക്കാത്തതോടെ തരൂർ തിരുവനന്തപുരത്തേക്ക് വണ്ടി കേറി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച എ.ഐ.സി.സി നിബന്ധനയാണ് തരൂരിന് വിനയായതെന്നാണ് വിവരം. ഇതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ തരൂരിനെ പിന്തുണച്ചവരും മാറി നിൽക്കുകയാണ്.

ഇതിന് പിന്നാലെ അധ്യക്ഷ തെരഞ്ഞടുപ്പിൽ പരസ്യ പിന്തുണയുമായി തെലങ്കാന പി.സി.സി എത്തി. നെഹ്‌റു കുടുംബത്തിന്റെ തീരുമാനം പോലെ മാത്രമേ നടപടികൾ പോകൂ എന്നും തെലങ്കാന പി.സി.സി നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ കർണാടക പി.സി.സിയും ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കൂടെയാണ് മല്ലികാർജുൻ ഖാർഗെ.

ഇതിന് തുടക്കമെന്നോണം കഴിഞ്ഞ ദിവസം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചില മാർഗനിർദേശങ്ങളും പുറത്തുവിട്ടിരുന്നു

‘ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്നവർ സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങരുത്, അങ്ങനെ ഇറങ്ങിയാൽ പദവി രാജിവെക്കണം, തരൂരിനും ഖാർഗെക്കും പ്രചരണത്തിന് വേണ്ട സൗകര്യങ്ങൾ അതത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാർ ഒരുക്കണം.

സ്ഥാനാർത്ഥികൾ വോട്ടർമാരുമായി ചേർന്ന് യോഗം വിളിക്കുമ്പോൾ അതിന് സൗകര്യമൊരുക്കുക എന്നതിനപ്പുറം പി.സി.സി അധ്യക്ഷന്മാർ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്, ഇരു സ്ഥാനാർത്ഥികളെയും (ശശി തരൂർ, മല്ലികാർജുൻ ഖാർഗെ) ഒരുപോലെ പരിഗണിക്കണം,

ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. വോട്ടർമാരെ വാഹനത്തിൽ കൂട്ടത്തോടെ എത്തിച്ച് വോട്ട് ചെയ്യുന്ന രീതി പാടില്ല, സ്ഥാനാർത്ഥികൾ പരസ്പരം ദുഷ്പ്രചരണം നടത്തരുത്, അത്തരം പ്രചരണങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കും,’ എന്നിങ്ങനെയാണ് മാർഗനിർദേശത്തിൽ പറയുന്നത്.

ഇവ ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാർഗനിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നതിനെതിരെ കെ.പി.സി.സി നേതൃത്വവും പരസ്യമായി തന്നെ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.

ഖാർഗെയുടെ അനുഭവ സമ്പത്തും ജനകീയതയും സംഘാടകശേഷിയുമാണ് കോൺഗ്രസിനെ നയിക്കാൻ ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കിയിരുന്നു. തരൂർ വരുന്നതിനെ നേതൃത്വത്തിലെ മറ്റ് ഭൂരിപക്ഷം മുതിർന്ന നേതാക്കളും പിന്തുണയ്ക്കുന്നുമില്ല. പാർട്ടിയിൽ അദ്ദേഹത്തിന് പ്രവർത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കൾ ഉയർത്തുന്നത്.

എം.കെ. രാഘവൻ എം.പി, മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിർന്നനേതാവ് എൻ.കെ. അബ്ദുറഹ്‌മാൻ, കെ. ബാലകൃഷ്ണൻകിടാവ്, കെ.എം. ഉമ്മർ, മഠത്തിൽ നാണു, പി. രത്നവല്ലി, എ. അരവിന്ദൻ തുടങ്ങിയ കേരളത്തിലെ ചുരുക്കം മുതിർന്ന നേതാക്കൾ മാത്രമാണ് തരൂരിന് പിന്തുണയുമായി ഇതുവരെ എത്തിയിട്ടുള്ളത്.

കൂടാതെ തരൂർ കോൺഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസിലെ കെ. ശബരീനാഥനടക്കുമുള്ള ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. തരൂർ പ്രസിഡന്റായാൽ പാർട്ടി സമവാക്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന ഭയമാണ് മുതിർന്ന നേതാക്കളുടെ എതിർപ്പിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പ്രതികരിച്ചത്.

എന്നാലിപ്പോഴും അധ്യക്ഷ തെരഞ്ഞെടുപ്പിൽ സാധാരണ പ്രവർത്തകരുടേയും യുവനിരയുടേയും പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നാണ് ശശി തരൂർ പറയുന്നത്. മുതിർന്ന നേതാക്കളിൽ പ്രതീക്ഷയില്ലെന്ന് തരൂർ തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.

തരൂരിന് തടയിടാനുള്ള എ.ഐ.സി.സിയുടെ പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഇത്തരം നീക്കങ്ങളെന്ന് ഇതിനകം തന്നെ വ്യക്തമായിരിക്കുകയാണ്.
ഹൈക്കമാൻഡിന്റെ പിന്തുണയുള്ളതിനാൽ കാര്യങ്ങൾ അനുകൂലമാകുമെന്ന നിലപാടിലാണ് മല്ലികാർജുൻ ഖാർഗെയും.

Content Highlight: Telangana PCC Stayed away from Shashi Tharoor’s AICC President election campaign

ഡൂള്‍ന്യൂസ് ഡെസ്‌ക്