ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എം.പിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് തെലങ്കാന പി.സി.സി. ഹൈദരാബാദിലെത്തിയ തരൂര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നേതാക്കളെ നേരില്‍ കാണുന്നതിനും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമായി ശശി തരൂര്‍ ഹൈദരാബാദിലെത്തിയത്. ഹൈദരാബാദ് എയര്‍പ്പോര്‍ട്ടിലെത്തിയ തരൂരിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു.
‘ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങരുത്, അങ്ങനെ ഇറങ്ങിയാല്‍ പദവി രാജിവെക്കണം, തരൂരിനും ഖാര്‍ഗെക്കും പ്രചരണത്തിന് വേണ്ട സൗകര്യങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാര്‍ ഒരുക്കണം.
സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുമായി ചേര്‍ന്ന് യോഗം വിളിക്കുമ്പോള്‍ അതിന് സൗകര്യമൊരുക്കുക എന്നതിനപ്പുറം പി.സി.സി അധ്യക്ഷന്മാര്‍ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്, ഇരു സ്ഥാനാര്‍ത്ഥികളെയും (ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ) ഒരുപോലെ പരിഗണിക്കണം,
ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. വോട്ടര്‍മാരെ വാഹനത്തില്‍ കൂട്ടത്തോടെ എത്തിച്ച് വോട്ട് ചെയ്യുന്ന രീതി പാടില്ല, സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ദുഷ്പ്രചരണം നടത്തരുത്, അത്തരം പ്രചരണങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കും,’ എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
ഇവ ലംഘിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ളതിനാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന നിലപാടിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.
ഖാര്‍ഗെയുടെ അനുഭവ സമ്പത്തും ജനകീയതയും സംഘാടകശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായിയൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി.
തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിര്‍പ്പിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചു.
Content Highlight: Telangana PCC Stayed away from Shashi Tharoor’s AICC President election campaign