| Monday, 26th December 2022, 5:48 pm

കെ.സി.ആറിന് തിരിച്ചടി; ഓപ്പറേഷന്‍ താമര കേസ് സി.ബി.ഐക്ക് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: തെലങ്കാന ഓപ്പറേഷന്‍ താമര കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഹരജിയില്‍ തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ കൂടാതെ ഓപ്പറേഷന്‍ താമര കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രാമചന്ദ്ര ഭാരതി, നന്ദകുമാര്‍, സ്വാമി സിംഹയാജി തുടങ്ങിയവര്‍ നല്‍കിയ ഹരജികളിലാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കേസില്‍ തെലങ്കാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിരിച്ചുവിടാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് വിജസേന റെഡ്ഡിയാണ് ഉത്തരവിട്ടത്.

തെലങ്കാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് അറസ്റ്റും മറ്റ് നടപടികളുമെന്നും, തെലങ്കാന പൊലീസിന്റെ അന്വേഷണത്തില്‍ നീതി കിട്ടില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിച്ചത്. ഈ വാദം ശരിവെച്ചുകൊണ്ടാണ് തെലങ്കാന ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.

കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് വലിയ തിരിച്ചടിയാണ്.

തുടക്കം മുതല്‍ ബി.ജെ.പി നേതൃത്വം കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അനുകൂലമായ വിധി ഉണ്ടായത്. വിധിയെ ബി.ജെ.പി സംസ്ഥാന ഘടകം സ്വാഗതം ചെയ്തു.

ഓപ്പറേഷന്‍ താമര കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തെലങ്കാന പൊലീസ് പ്രതിചേര്‍ത്തിരുന്നു. തെലങ്കാന ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെയും ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ഡോ. ജഗ്ഗു സ്വാമി എന്നിവരെയുമാണ് പ്രതി ചേര്‍ത്തത്.

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്നതാണ് കേസ്. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസര്‍ഗോഡ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്രഭാരതി, കര്‍ണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ കോര്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.

ശേഷം, തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമരക്ക്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തന്നെ രംഗത്തെത്തുകയായിരുന്നു.

ടി.ആർ.എസ് എം.എൽ.എമാരെ ബി.ജെ.പിയിലെത്തിക്കാൻ തുഷാർ ശ്രമിച്ചു. ഇതിനായി ടി.ആർ.എസ് നേതാക്കളുമായി തുഷാർ സംസാരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. നാല് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചു. കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിന്റെ നിർദേശപ്രകാരമാണ് എന്നാണ് കെ.സി.ആർ നവംബർ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

തെലങ്കാന, ആന്ധ്രാപ്രദേശ്, ദൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാർ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആർ പറഞ്ഞിരുന്നു. എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആർ പുറത്തുവിട്ടിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു, തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാണിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ മുഖ്യമന്ത്രി തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും കെ.സി.ആർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു തുഷാർ വെളളാപ്പളളിയുടെ അന്ന് പ്രതികരിച്ചത്.

ഇതിനെത്തുടർന്ന് തുഷാർ വെള്ളാപ്പള്ളി ഏജന്റുമാർ വഴി ടി.ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) എം.എൽ.എമാരുമായി സംസാരിക്കുന്ന ശബ്ദരേഖ ടി.ആർ.എസ് പുറത്തുവിട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഡീൽ ഉറപ്പിക്കാമെന്നായിരുന്നു ശബ്ദരേഖയിൽ തുഷാർ പറഞ്ഞത്.

ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് കാര്യങ്ങൾ ഡീൽ ചെയ്ത് തരുമെന്ന് ഏജന്റുമാർക്ക് ഉറപ്പുനൽകുന്നതും പുറത്തുവിട്ട ശബ്ദരേഖയിലുണ്ടായിരുന്നു. ഡീലിന് മുമ്പ് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാർ പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

ഏജന്റുമാരിൽ പ്രധാനിയായ രാമചന്ദ്ര ഭാരതിയുമായി ഫോൺ സംഭാഷണം നടത്തിയ തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് അമ്പത് കോടി വീതം വാഗ്ദാനം ചെയ്തുവെന്ന വീഡിയോ തെളിവുകളടക്കം ടി.ആർ.സ് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസ് ഏറ്റെടുത്തത്.

Content Highlight: Telangana Operation Tamara case handed over to CBI

We use cookies to give you the best possible experience. Learn more