കള്ളക്കടത്തുകാരനെ ഹീറോയും പൊലീസിനെ വില്ലനുമാക്കിയ പുഷപയ്ക്ക് ദേശീയ അവാര്‍ഡ്, ജയ് ഭീമിനോ?: സീതാക്ക
national news
കള്ളക്കടത്തുകാരനെ ഹീറോയും പൊലീസിനെ വില്ലനുമാക്കിയ പുഷപയ്ക്ക് ദേശീയ അവാര്‍ഡ്, ജയ് ഭീമിനോ?: സീതാക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 8:27 pm

ഹൈദരാബാദ്: പുഷ്പ സിനിമക്കെതിരെ വിമര്‍ശനവുമായി തെലങ്കാന മന്ത്രി ധനസരി അനസൂയ. തമിഴ് സിനിമയായ ജയ് ഭീമിന് ദേശീയ പുരസ്‌കാരം ലഭിച്ചില്ലെന്നും അവാര്‍ഡ് നേടിയത് പുഷ്പയാണെന്നുമാണ് മന്ത്രി പറഞ്ഞത്.

പുഷ്പയില്‍ കള്ളക്കടത്തുകാരന്റെ കഥയാണ് പറയുന്നതെന്നും സിനിമയില്‍ പൊലീസ് വില്ലന്മാരാണെന്നും മന്ത്രി വിമര്‍ശിച്ചു. മുലുഗു ജില്ലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീതാക്ക.

കള്ളക്കടത്തുകാരന്റെ കഥാപാത്രം നായകനാകുന്ന പുഷപക്കാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പുരസ്‌കാരം നല്‍കിയത്. ജയ് ഭീം തഴയപ്പെട്ടുവെന്നും ഇത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്നും ധനസരി പറഞ്ഞു. പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം.

പുഷ്പയില്‍ നടന്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഡയലോഗുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടി.

എന്നാല്‍ ജയ് ഭീം മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങള്‍ ആളുകള്‍ എങ്ങനെ ഉള്‍ക്കൊണ്ടുവെന്ന് അറിയില്ലെന്നും ജയ് ഭീം പോലുള്ള സിനിമകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിയമപരമായി കുറ്റകൃത്യങ്ങള്‍ തടയുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് പൂജ്യമാകുന്നതെന്നും ധനസരി ചോദിച്ചു.

സിനിമകള്‍ സാമൂഹിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും നല്ല മാറ്റങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്യണമെന്നും സീതാക്ക കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഭാവി തലമുറയെ മുന്നോട്ട് നയിക്കുന്നതിലും സിനിമക്ക് പങ്കുണ്ടെന്നും സീതാക്ക ചൂണ്ടിക്കാട്ടി.

നിയമത്തെ തുരങ്കം വെക്കുന്ന ഒന്നാകരുത് സിനിമകളെന്നും സീതാക്ക പറഞ്ഞു. ഡിസംബര്‍ 24നാണ് പുഷ്പക്കെതിരെ മന്ത്രി പ്രതികരിച്ചത്. നിലവില്‍ മന്ത്രിയുടെ പരാമര്‍ശം സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്.

കഴിഞ്ഞ ദിവസം സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. പുഷ്പ 2ന്റെ റിലീസിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് രേവന്ത് റെഡ്ഡി തന്റെ നിലപാടില്‍ ഉറച്ചുനിന്നത്. ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലാണ് ചര്‍ച്ച നടന്നത്.

‘ആരാധകരുടെ പ്രവര്‍ത്തനങ്ങളില്‍ താരങ്ങള്‍ക്കും പങ്കുണ്ട്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല,’ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സിനിമ സബ്സിഡി പിന്‍വലിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്നും രേവന്ത് റെഡ്ഡി അറിയിച്ചിരുന്നു.

അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക മല്ലു, ഛായാഗ്രഹണ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഡി.ജി.പി ജിതേന്ദര്‍, നടന്‍ അക്കിനേനി നാഗാര്‍ജുന തുടങ്ങിയവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

Content Highlight: Telangana Minister Dhanasari Anasuya criticizes Pushpa movie