| Sunday, 30th October 2022, 9:31 am

തെലങ്കാനയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാനയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെലങ്കാനയിലെ മുനുഗോഡെ (Munugode) മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്യാമ്പെയിനിങ് നടത്തുന്നതില്‍ നിന്നാണ് തെലങ്കാന ഊര്‍ജ വകുപ്പ് മന്ത്രി ഗുണ്ടകണ്ഡല ജഗദീഷ് റെഡ്ഡിയെ (Guntakandla Jagadish Reddy) രണ്ട് ദിവസത്തേക്ക് (48 മണിക്കൂര്‍) വിലക്കിയത്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് വിലക്ക്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന തരത്തിലാണ് മന്ത്രി ജഗദീഷ് റെഡ്ഡി സംസാരിച്ചത്. ഒക്ടോബര്‍ 25നായിരുന്നു പ്രസ്തുത പ്രസംഗം.

”തെരഞ്ഞെടുപ്പ് കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയും (Kusukuntla Prabhakar Reddy) രാജ്ഗോപാല്‍ റെഡ്ഡിയും (Rajgopal Reddy) തമ്മിലല്ല. 2000 രൂപ പെന്‍ഷന്‍ തുടരണോ വേണ്ടയോ, 24 മണിക്കൂര്‍ സൗജന്യ വൈദ്യുതി തുടരണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പാണിത്.

ആര്‍ക്കെങ്കിലും പെന്‍ഷനില്‍ താല്‍പര്യമില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാം, മറിച്ച് ഈ പദ്ധതികള്‍ വേണമെന്നാണെങ്കില്‍, കെ.സി.ആറിന് (തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു) വോട്ട് ചെയ്യുക,” എന്നായിരുന്നു മന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ വിലക്കിയത്.

”ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള കമ്മീഷന്‍ ഉത്തരവുകള്‍… ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് മേല്‍ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള പൊതുയോഗങ്ങള്‍, ജാഥകള്‍, റാലികള്‍, റോഡ് ഷോകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ (ഗുണ്ടകണ്ഡല ജഗദീഷ് റെഡ്ഡി) 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കുന്നു,” എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമലംഘനം നടത്തിയതിന് അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രസംഗത്തിന്റെ ശൈലിയും, നല്‍കിയ വാഗ്ദാനങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ തരത്തിലുള്ളതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

അതേസമയം, ആരോപണങ്ങള്‍ ജഗദീഷ് റെഡ്ഡി നിഷേധിച്ചു. ക്ഷേമ പദ്ധതികളെല്ലാം നിര്‍ത്തലാക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും മറിച്ച് തെലങ്കാന സംസ്ഥാന സര്‍ക്കാരാണ് ഈ പദ്ധതികള്‍ കൊണ്ടുവന്നതെന്ന് വോട്ടര്‍മാര്‍ക്ക് മനസിലാക്കി കൊടുക്കുകയായിരുന്നുവെന്നുമാണ് മന്ത്രി പറയുന്നത്.

നവംബര്‍ മൂന്നിനാണ് തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: Telangana minister barred from campaigning in bypoll for 48 hours

We use cookies to give you the best possible experience. Learn more