| Saturday, 29th January 2022, 7:57 am

ശൈശവ വിവാഹത്തിന്റെ ഇരകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് തെലങ്കാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ശൈശവവിവാഹത്തിന് ഇരയായവരോട് കൂടുതല്‍ പരിഗണന കാണിക്കണമെന്ന് സര്‍ക്കാരിനോട് തെലങ്കാന ഹൈക്കോടതി. ഇവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും, നൈപുണ്യ വികസന സൗകര്യങ്ങളും, ആരോഗ്യസൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശൈശവ വിവാഹത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് അഭിനന്ദ് കുമാര്‍ ഷാവിലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇരകളുടെ ദുരവസ്ഥ വിവരിച്ച് ഹരജിക്കാര്‍ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. കുടുംബാംഗങ്ങള്‍ തന്നെ ഇരകളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

ശൈശവവിവാഹത്തിന്റെ ഇരകള്‍ ന്യൂനപക്ഷമായതിനാല്‍ തന്നെ ഇവരെ സംരക്ഷിക്കാനായി പ്രത്യേക സ്‌കീമുകളൊന്നും രൂപപ്പെടുത്തിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

ഹരജിക്കാരുടെ കത്ത് പരിശോധിച്ച ഹൈക്കോടതി ബന്ധപ്പെട്ട അധികൃതരോട് ശൈശവവിവാഹത്തിന് ഇരകളായവരെ പരിപാലിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇരകളുടെ ശാക്തീകരണ പരിശീലന പരിപാടികള്‍ക്കായി ‘സ്വധാര്‍ ഗൃഹ’ങ്ങളില്‍ അഭയം നല്‍കി സൗകര്യമൊരുക്കുന്നുണ്ടെന്നും, ഇവരുടെ വിദ്യാഭ്യാസത്തിനും, നൈപുണ്യ വികസനത്തിനുമായി കസ്തൂരിഭായ് ബാലിക വിദ്യാലയങ്ങള്‍, ദുര്‍ഗാഭായ് ദേശ്മുഖ് പോളിടെക്നിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും വനിതാ ശിശുക്ഷേമ ഡയറക്ടര്‍ കോടതിയില്‍ മറുപടി നല്‍കി.

മറുപടി കേട്ടതിന് ശേഷം ശൈശവവിവാഹങ്ങളുടെ ഇരകള്‍ക്കായി വിദ്യാഭ്യാസമേഖലയില്‍ ചില സംവരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞ കോടതി അതിനായി പരിശ്രമിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Content Highlight: telangana-high-court-seeks-govt-attention-on-child-marriage-victims

We use cookies to give you the best possible experience. Learn more