ഹൈദരാബാദ്: തെലങ്കാനയിൽ സർവ്വകലാശാലക്കായി അദാനി നൽകുന്ന 100 കോടി രൂപ സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. സംസ്ഥാനത്തെ യങ് ഇന്ത്യ സ്കിൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ച 100 കോടി രൂപ സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞു.
അദാനിയുടെ പ്രഖ്യാപനം അനാവശ്യ ചർച്ചകൾക്ക് കാരണമായെന്നും സംഭാവന സ്വീകരിച്ചാൽ അത് അദാനിയുമായി സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ അവിശുദ്ധ ബന്ധം ഉള്ളതായി തോന്നിയേക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അദാനി ഗ്രൂപ്പുൾപ്പെടെ ഒരു സംഘടനയിൽ നിന്നും ഇതുവരെ തെലങ്കാന സർക്കാർ ഒരു രൂപ പോലും തങ്ങളുടെ അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന സർക്കാരിൻ്റെയോ എന്റെയോ പ്രതിച്ഛായ തകർക്കുന്ന അനാവശ്യ ചർച്ചകളിലും സാഹചര്യങ്ങളിലും ഏർപ്പെടാൻ ഞാനും എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകരും ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടാണ്, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഞങ്ങളുടെ ഉദ്യോഗസ്ഥൻ ജയേഷ് രഞ്ജൻ അദാനി ഗ്രൂപ്പിന് ഒരു കത്ത് എഴുതിയത്. നിലവിലെ സാഹചര്യവും വിവാദങ്ങളും കാരണം, നിങ്ങൾ നൽകിയ 100 കോടി രൂപ സ്വീകരിക്കാൻ തെലങ്കാന സർക്കാർ തയ്യാറല്ല. എന്ന് കത്തിൽ പറയുന്നുണ്ട് ,’ അദ്ദേഹം പറഞ്ഞു.
100 കോടി രൂപ സർവകലാശാലയ്ക്ക് കൈമാറരുതെന്ന് കത്തിൽ അദാനി ഫൗണ്ടേഷനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലയ്ക്ക് നൽകിയ സംഭാവനകൾക്ക് ആദായനികുതി ഇളവ് ലഭിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾ അടുത്തിടെ വിജയിച്ചെന്നും അദാനി നിർദ്ദേശിച്ച തുക കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ ) പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlight: Telangana: Govt to not accept Rs 100 cr from Adani for university, says CM