Advertisement
national news
നിയമസഭാ വളപ്പില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍; പ്രമേയത്തെ പിന്തുണച്ച് ബി.ആര്‍.എസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 30, 07:29 am
Monday, 30th December 2024, 12:59 pm

ഹൈദരാബാദ്: നിയമസഭാ മന്ദിര വളപ്പില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.

പ്രതിപക്ഷ സംഘടനായ ബി.ആര്‍.എസിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.

മന്‍മോഹന്‍ സിങ്ങിന് ഭാരതര്തന നല്‍കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ ആര്‍ക്കിടെക്റ്റ് ആയിരുന്നു മന്‍മോഹന്‍ സിങ്ങെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് (തിങ്കളാഴ്ച്ച) മന്‍മോഹന്‍ സിങ്ങിന് ആദരം അര്‍പ്പിക്കുന്നതിനായി തെലങ്കാന നിയമസഭ പ്രത്യേക സെഷന്‍ നടത്തുകയുണ്ടായി. ഈ സെഷനിലാണ് പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കിയത്.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് മന്‍മോഹന്‍ സിങ്.

അതേസമയം പ്രതിപക്ഷമായ ബി.ആര്‍.എസ് പ്രമേയത്തെ പിന്തുണച്ചെങ്കിലും ബി.ജെ.പി കടുത്ത വിമര്‍ശനമാണ് നിയമസഭയില്‍ ഉയര്‍ത്തിയത്.

തെലുങ്കു മണ്ണിന്റെ മകനായ നരസിംഹറാവുവിന്റെ പ്രതിമയാണ് ആദ്യം നിയമസഭാ വളപ്പില്‍ സ്ഥാപിക്കേണ്ടതെന്ന് ബി.ജെ.പി പറഞ്ഞു. നരസിംഹറാവുവിന് അര്‍ഹിച്ച ആദരവ് കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് ഒന്നിലധികം വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം.

മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനയില്‍ ഒഴുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നുമുണ്ട്. ഇതിനുപുറമെ കോണ്‍ഗ്രസിനെതിരായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠയുടെ ആരോപണം തള്ളി മകന്‍ അഭിജിത് മുഖര്‍ജി രംഗത്തെത്തിയിരുന്നു.

പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് അനാദരവ് കാണിച്ചുവെന്നായിരുന്നു ശര്‍മിഷ്ഠയുടെ ആരോപണം.

എന്നാല്‍ കൊവിഡ് കാലത്തെ കടുത്ത നിയന്ത്രങ്ങള്‍ക്കിടയിലാണ് അച്ഛന്‍ മരിച്ചതെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആകെ 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നും അഭിജിത് മുഖര്‍ജി ചൂണ്ടിക്കാട്ടി.

Content Highlight: Telangana Govt to install statue of Manmohan Singh in Assembly premises