|

യങ് ഇന്ത്യ യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിച്ച് തെലങ്കാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി രൂപയുടെ നിക്ഷേപം നിരസിക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പിനെതിരായ കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം.

അദാനി ഗ്രൂപ്പില്‍ നിന്നും തന്റെ സര്‍ക്കാര്‍ ഒരു ഫണ്ടും സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെയോ മന്ത്രിമാരുടെയോ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അദാനി ഗ്രൂപ്പിന് കത്തയച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് അയച്ച കത്തില്‍ നിലവിലെ സാഹചര്യവും വിവാദങ്ങളും കാരണം അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ സ്വീകരിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി അദാനിക്കാണ് തെലങ്കാന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ കത്തയച്ചത്. സെക്ഷന്‍ 80 ജി പ്രകാരം യൂണിവേഴ്‌സിറ്റ് പ്രൊജക്ട് ആദായ നികുതി ഇളവ് നേടിയിട്ടുണ്ടെന്നും പറയുകയുണ്ടായി.

ഒക്ടോബര്‍ 18ന് യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി ഗൗതം അദാനി 100 കോടി രൂപയുടെ ചെക്ക് റെഡ്ഡിക്ക് കൈമാറിയിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഫൗണ്ടേഷന്റെ പ്രതിനിധി സംഘം യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് 100 കോടി രൂപയുടെ സംഭാവന ചെക്ക് കൈമാറാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

അതേസമയം ഇരുപത് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ച് വെച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് അമേരിക്കയില്‍ അദാനിക്കെതിരെ ഉയര്‍ന്ന ആരോപണം.

ഗൗതം അദാനി, മരുമകന്‍ സാഗര്‍ അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വളരെ ഗൗരവമേറിയ കേസ് ആണ് അമേരിക്ക ഫയല്‍ ചെയ്തിരിക്കുന്നത്.

അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനി ഇന്ത്യയില്‍ സൗരോര്‍ജ കോണ്‍ട്രാക്ടുകള്‍ ലഭിക്കാന്‍ 250 മില്യണ്‍ ഡോളര്‍ കോഴ നല്‍കിയെന്നും തുടര്‍ന്ന് അമേരിക്കയില്‍ നിക്ഷേപകരില്‍ നിന്ന് കോണ്‍ട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാന്‍ കമ്പനി ഈ വിവരങ്ങള്‍ മറച്ചുവെച്ചുമെന്നുമാണ് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് ന്യൂയോര്‍ക്കിലെ യു.എസ് അറ്റോര്‍ണി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.

Content Highlight: Telangana Govt Rejects Adani Group’s 100 Crore Investment for Young India University