പുതിയ സെക്രട്ടറിയേറ്റിന് അംബേദ്ക്കറുടെ പേര് നല്‍കി തെലങ്കാന സര്‍ക്കാര്‍
national news
പുതിയ സെക്രട്ടറിയേറ്റിന് അംബേദ്ക്കറുടെ പേര് നല്‍കി തെലങ്കാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th April 2023, 8:09 pm

ഹൈദരാബാദ്: പുതിയ സെക്രട്ടറിയേറ്റിന് ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കറിന്റെ പേര് നല്‍കി തെലങ്കാന സര്‍ക്കാര്‍. അംബേദ്ക്കറിന്റെ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജനപ്രതിനിധികളും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് സെക്രട്ടേറിയേറ്റിന് പേര് നല്‍കിയതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.

ഞായറാഴ്ചയായിരുന്നു സെക്രട്ടറിയേറ്റിന്റെ ഉദഘാടനം. ജീവിതത്തിലെ അമൂല്യ നിമിഷമാണിതെന്ന് ചന്ദ്രശേഖര റാവു ഉദ്ഘാടന ശേഷം അറിയിച്ചു.

‘അംബേദ്ക്കറിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, സ്ഥിരമായി അദ്ദേഹത്തിന്റെ പേര് മനസില്‍ സൂക്ഷിക്കാനാണ് പേര് നാമകരണം ചെയ്തിരിക്കുന്നത്.

പ്രത്യേക സംസ്ഥാനത്തിനായുള്ള തെലങ്കാന പ്രക്ഷോഭം ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്ന് സമാധാനപരമായിരുന്നുവെന്നും ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ മൂന്ന് ഉള്‍പ്പെടുത്താനുള്ള അംബേദ്ക്കറുടെ കാഴ്ചപ്പാടാണ് സംസ്ഥാന പദവി നേടിയത്,’ ചന്ദ്രശേഖര റാവു പറഞ്ഞു.

തെലങ്കാനയുടെ പുനര്‍നിര്‍മാണം ദഹിക്കാത്ത ചിലര്‍ സംസ്ഥാനം കൈവരിക്കുന്ന സമഗ്ര വികസനം കാണുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ മൊത്തം 94 ലക്ഷം ഏക്കര്‍ നെല്‍കൃഷിയില്‍ സംസ്ഥാനത്ത് മൊത്തമുള്ളത് 54 ലക്ഷം ഏക്കറാണ്. നേരത്തെയുണ്ടായിരുന്ന ആസൂത്രണ കമ്മീഷന്‍ തെലങ്കാനയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ പിന്നോക്ക ജില്ലകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലങ്കാനയില്‍ ഉള്ളത് പോലെയുള്ള ഗ്രാമങ്ങള്‍ എവിടെയുമില്ല,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിനായി കഠിനമായി പരിശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

നേരത്തെയുണ്ടായ സെക്രട്ടറിയേറ്റ് സമുച്ചയത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയാണ് പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചത്.

28 ഏക്കര്‍ സ്ഥലത്ത് 10,51,676 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 265 അടി ഉയരമുള്ളതാണ് പുതിയ സെക്രട്ടറിയേറ്റ് സമുച്ചയം.

CONTENT HIGHLIGHTS: Telangana govt names new secretariat after Ambedkar