'കേന്ദ്രം ഇളവ് നല്‍കിയാലും സംസ്ഥാനത്ത് ഇളവ് നല്‍കില്ല',രണ്ടാം തവണയും ലോക്ഡൗണ്‍ നീട്ടി തെലങ്കാന
Nation Lockdown
'കേന്ദ്രം ഇളവ് നല്‍കിയാലും സംസ്ഥാനത്ത് ഇളവ് നല്‍കില്ല',രണ്ടാം തവണയും ലോക്ഡൗണ്‍ നീട്ടി തെലങ്കാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2020, 8:07 am

തെലങ്കാന: തെലങ്കാനയില്‍ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. രണ്ടാമതും ലോക്‌സഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. മേയ് ഏഴുവരെ ലോക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാവില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി.

ലോക്ഡൗണ്‍ മേയ് 7 വരെ നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചെന്നും മേയ് അഞ്ചാം തിയതിവരെയുള്ള സ്ഥിതിഗതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് 1500 രൂപയും റേഷനും നല്‍കുമെന്നും ഒറ്റയ്ക്ക് തമാസിക്കുന്നവര്‍ക്ക് റേഷന്‍ നല്‍കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

” ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ നല്‍കിയാലും സംസ്ഥാനത്ത് ഇളവുകള്‍ നല്‍കേണ്ട എന്നാണ് മന്ത്രി സഭയുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ സ്വിഗിയേയും സൊമാറ്റോയേയും പ്രവര്‍ത്തിക്കാന്‍ അനുമതിക്കില്ല, ഏതെങ്കിലും ഡെലിവറി ഏജന്റുമാര്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും,” അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയില്‍ 858 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.21 ആളുകള്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്തു.

ഏപ്രില്‍ 20 അര്‍ദ്ധരാത്രിയോടെ രാജ്യത്തെ കൊവിഡ് തീവ്രതയില്ലാത്ത മേഖലകളില്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.അതേ സമയം കൊവിഡ് ഹോട്ട് സ്പോട്ട് കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരും.

കൊവിഡ് തീവ്രതയില്ലാത്തയിടങ്ങളില്‍ കാര്‍ഷിക മേഖലകള്‍, വ്യാപാര മേഖലകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാവുമെന്നാണ് കേന്ദ്രം അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.