| Friday, 20th January 2023, 10:53 am

തെലങ്കാനയിലും പോര്; റിപബ്ലിക് ദിനാഘോഷത്തിലെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തെ അയച്ചുതരണമെന്ന് ഗവര്‍ണര്‍; മറുപടി നല്‍കാതെ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര്.

റിപബ്ലിക് ദിന പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തെ അയച്ചുതരണമെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ (Tamilisai Soundararajan) മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനോട് (കെ.സി.ആര്‍) ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഗവര്‍ണറുടെ കത്തിലുള്ള നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

തന്റെ റിപബ്ലിക് ദിന സന്ദേശത്തിന്റെ ഉള്ളടക്കം എന്താണ് എന്ന് നേരത്തെ അറിയിക്കണമെന്ന് കത്തിലൂടെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് തെലങ്കാന സര്‍ക്കാരിന്റെ റിപബ്ലിക് ദിന പരിപാടികള്‍ നടക്കാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം പരിപാടി നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച അറിയിപ്പ് പോലും ഇത്തവണ രാജ്ഭവന് ലഭിച്ചിട്ടില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പ്രോട്ടോകോള്‍ പാലിക്കുന്നില്ല എന്നുമാണ് ഗവര്‍ണര്‍ കെ.സി.ആറിന് നല്‍കിയ കത്തില്‍ പറയുന്നത്.

”റിപ്പബ്ലിക് ദിനാഘോഷത്തെക്കുറിച്ച് ഇതുവരെ ഒരു സന്ദേശവും രാജ്ഭവന് ലഭിച്ചിട്ടില്ല,” ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍മാര്‍ അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്നും എന്നാല്‍ ചിലപ്പോള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളും ഉണ്ടാകാറുണ്ടെന്നും അവര്‍ പ്രതികരിച്ചു.

കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം തെലങ്കാനയില്‍ വലിയ രീതിയില്‍ റിപബ്ലിക് ദിനാഘോഷം നടത്തിയിരുന്നില്ല. പരേഡ് ഗ്രൗണ്ടില്‍ പരിപാടി നടത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരിപാടി നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതേത്തുടര്‍ന്ന് രണ്ട് റിപബ്ലിക് ദിനാഘേഷങ്ങളായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനില്‍ സംസ്ഥാന സര്‍ക്കാരിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയപ്പോള്‍ അതില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍ രാജ്ഭവനില്‍ വേറെ പതാക ഉയര്‍ത്തുകയായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങളും വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്.

ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറിയും തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും കൂടിയാണ് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍

കേരളത്തിലും തമിഴ്‌നാട്ടിലും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തെലങ്കാനയില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

Content Highlight: Telangana Governor alleges state govt of not following protocol regarding Republic day celebrations

We use cookies to give you the best possible experience. Learn more