ബി.ജെ.പി നേതാവിന്റെ അനധികൃത നിര്‍മാണം ബുള്‍ഡോസ് ചെയ്ത് തെലങ്കാന സര്‍ക്കാര്‍
national news
ബി.ജെ.പി നേതാവിന്റെ അനധികൃത നിര്‍മാണം ബുള്‍ഡോസ് ചെയ്ത് തെലങ്കാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 10:36 pm

ഹൈദരാബാദ്: അനധികൃതമായി നിര്‍മിച്ച ബി.ജെ.പി നേതാവിന്റെ കെട്ടിടം പൊളിച്ചുനീക്കി തെലങ്കാന സര്‍ക്കാര്‍. ബി.ജെ.പി കോര്‍പ്പറേറ്റര്‍ തോക്കല ശ്രീനിവാസ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് പൊളിച്ചുനീക്കിയത്. ഗഗന്‍പഹാഡിലാണ് ബി.ജെ.പി നേതാവ് അനധികൃത നിര്‍മാണം നടത്തിയത്.

തടാകം കൈയേറിയാണ് ബി.ജെ.പി നേതാവ് കെട്ടിടം നിര്‍മിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെട്ടിടം പൊളിച്ചുനീക്കിയത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ തടയാന്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര)യാണ് കെട്ടിടം പൊളിച്ചത്.

മുമ്പ് 34 ഏക്കര്‍ വിസ്തീര്‍ണമായിരുന്ന തടാകം ഇപ്പോള്‍ 10-12 ഏക്കറായി കുറഞ്ഞുവെന്ന് ഹൈഡ്ര കമ്മീഷണര്‍ എ.വി. രംഗനാഥ് ചൂണ്ടിക്കാട്ടി. അനധികൃതമായ കൈയേറ്റമാണ് ഇതിന് കാരണമായതെന്നും എ.വി. രംഗനാഥ് പറഞ്ഞു.

അതേസമയം തെലങ്കാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് രംഗത്തെത്തി. 1980 മുതല്‍ ഈ ഭൂമി തന്റെ കുടുംബത്തിന്റെ കൈവശമുണ്ടെന്നും ഇത് പട്ടയഭൂമിയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

നേരത്തെ അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി നടന്‍ നാഗാര്‍ജുനയുടെ ഉടസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ ഹാളും അധികൃതര്‍ ബുള്‍ഡോസ് ചെയ്തിരുന്നു.

ഹൈദരാബാദിലെ മദാപൂരിലെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്.ടി.എല്‍) മേഖലയില്‍ അനധികൃത കൈയേറ്റം നടന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുമുമ്പ് ഹൈദരാബാദിലെ ഉള്‍പ്രദേശമായ ഖാനാപൂരില്‍ തടാകപ്രദേശം കൈയേറിയെന്നാരോപിച്ച് മൂന്ന് നില കെട്ടിടം ഹൈഡ്ര പൊളിച്ചുനീക്കിയിരുന്നു.

സര്‍ക്കാരില്‍ നിന്ന് എല്ലാ അനുമതികളുമെടുത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് ഉടമകള്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം കെട്ടിടങ്ങള്‍ ഹൈഡ്ര പൊളിച്ചുനീക്കുകയായിരുന്നു.

എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. കുടിവെള്ള സ്രോതസുകള്‍ക്ക് അടുത്തുള്ള 40 ഓളം വീടുകളാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.

Content Highlight: Telangana government bulldozed BJP leader’s illegal construction