| Sunday, 23rd June 2024, 8:34 am

31,000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് രേവന്ത് റെഡ്ഡി, ചരിത്രനീക്കമെന്ന് രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 31,000 കോടി രൂപയുടെ കാർഷിക കടം എഴുതിതള്ളാനുള്ള അനുമതി നൽകി തെലങ്കാന സർക്കാർ. കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ സർക്കാർ 10 വർഷത്തെ ഭരണത്തിൽ 28,000 കോടി രൂപയുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയത്.

വായ്പ എഴുതിത്തള്ളലിൻ്റെ യോഗ്യതാ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വായ്പ എഴുതിത്തള്ളുന്നതിന് സംസ്ഥാന ട്രഷറിക്ക് ഏകദേശം 31,000 കോടി രൂപ ചെലവ് വരുമെന്നും റെഡ്ഡി പറഞ്ഞു.

ജൂൺ 21 വെള്ളിയാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2018 ഡിസംബർ 12നും 2023 ഡിസംബർ 9നും ഇടയിൽ എടുത്ത വായ്പകൾക്കും ഇളവ് ബാധകമാണ്.

Also Read : ആ ചോദ്യങ്ങൾ കേട്ടപ്പോൾ മനസിലായി ലാലേട്ടന് അഭിനയത്തോടുള്ള കൊതി: തരുൺ മൂർത്തിhttps://www.doolnews.com/tharun-moorthy-talk-about-experience-with-mohanlal-136-64.html

‘കർഷകരുടെ ക്ഷേമത്തിനായാണ് സർക്കാർ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാർ പത്ത് വർഷമായി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. സംസ്ഥാനത്ത് അധികാരത്തിൽ വന്ന് എട്ട് മാസത്തിനുള്ളിൽ ഞങ്ങളുടെ സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്,’ റെഡ്ഡി പറഞ്ഞു.

യോഗത്തിന് ശേഷം, കർഷകരുടെ നിക്ഷേപ സഹായ പദ്ധതിയായ ‘റൈതു ഭരോസ’യുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്നും റെഡ്ഡി പ്രഖ്യാപിച്ചു.

മന്ത്രിസഭാ ഉപസമിതി രാഷ്ട്രീയ പാർട്ടികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചന നടത്തി ജൂലൈ 15നകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം തെലങ്കാന സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തി. കിസാൻ ന്യായ പ്രമേയം എന്ന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണിതെന്നും, പദ്ധതി 40 ലക്ഷത്തിലധികം വരുന്ന കർഷക കുടുംബങ്ങളെ കടരഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്ഷേമമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് വേണ്ടി ചിലവഴിക്കുന്നതിനു പകരം സാധാരണ ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Telangana government approves Rs 31,000 crore farm loan waiver

We use cookies to give you the best possible experience. Learn more