ഇന്ത്യയിലെ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 ദ റൂള്‍. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദ റൈസിന്റെ തുടര്‍ച്ചയാണ് ഇത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ പുഷ്പ 2 തിയേറ്ററുകളിലെത്തുകയാണ്.
ആദ്യദിനം തന്നെ പല കളക്ഷന്‍ റെക്കോഡുകളും പുഷ്പക്ക് മുന്നില്‍ മുട്ടുകുത്തുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ റിലീസിന്റെ തലേദിവസം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഡിസംബര്‍ നാലിന് രാത്രി 9.30ന് ആദ്യ ഷോ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിന്റെ ടിക്കറ്റ് നിരക്കും പുറത്തുവിട്ടിരിക്കുകയാണ്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ 1120 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 1230 രൂപയുമാണ് നിരക്ക്.
പുലര്‍ച്ചെ ഒരു മണി, നാലു മണി, എന്നീ സമയത്തും ഷോ നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യദിനം കുറഞ്ഞത് ഏഴ് പ്രദര്‍ശനമെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. സിംഗിള്‍ സ്‌ക്രീനുകളില്‍ 350 രൂപയും മള്‍ട്ടിപ്ലക്‌സുകളില്‍ 530ഉമാണ് ടിക്കറ്റ് നിരക്ക്. സാധാരണ നിരക്കിനെക്കാള്‍ 150 രൂപയോളം അധികം ഈടാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 200 കോടിയെങ്കിലും ആദ്യദിനം കളക്ട് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകരിലൊരാളായ എസ്.എസ്.രാജമൗലിയാണ് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഇത്തരമൊരു നീക്കം ആദ്യമായി നടത്തിയത്. ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിന് സ്‌പെഷ്യല്‍ ഷോയും ആദ്യദിനം ടിക്കറ്റ് നിരക്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു.
ഗവണ്മെന്റിന് ടാക്‌സ് ഇനത്തില്‍ വലിയ വരുമാനവും ഇതിലൂടെ ലഭിക്കും. ഈ വര്‍ഷം തെലുങ്കിലെ ഏറ്റവും വലിയ വിജയമായ കല്‍ക്കി 2898 എ.ഡി, ദേവര എന്നീ സിനിമകള്‍ക്കും ഇതുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത് വലിയ വാര്‍ത്തയായിരുന്നു.
ലോകമെമ്പാടുമായി 10000ത്തിലധികം സ്‌ക്രീനുകളില്‍ പുഷ്പ 2 പ്രദര്‍ശനത്തിനെത്തും. റിലീസിന് മുന്നേ റൈറ്റ്‌സ് ഇനത്തില്‍ 1000 കോടിയിലധികം നേടിയ പുഷ്പ 2 തിയേറ്ററുകളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 1300 കോടിയോളം തിയേറ്റര്‍ കളക്ഷന്‍ ലഭിച്ചാല്‍ മാത്രമേ വിതരണക്കാര്‍ക്ക് ലാഭമാവുകയുള്ളൂ. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Telangana Government approved early morning shows ticket price hike for Pushpa 2