ഹൈദരാബാദ്: മഞ്ഞൾ ബോർഡ് (Turmeric board) സ്ഥാപിക്കാമെന്ന ബി.ജെ.പി എം.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ധാനം നടപ്പിലാക്കാത്തതിനെതിരെ പ്രദേശത്ത് എം.പിയെ പരിഹസിച്ചുള്ള പരസ്യബോർഡുകൾ സ്ഥാപിച്ച് കർഷകർ. തെലങ്കാനയിലെ നിസാമാബാദിലാണ് പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഞ്ഞൾ കർഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രത്യേക ബോർഡ് രൂപീകരിക്കുമെന്ന് ബി.ജെ.പി എം.പി അരവിന്ദ് ധർമ്മപുരി പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും വാഗ്ധാനം പാലിക്കാതായതോടെയാണ് മഞ്ഞൾ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘നമ്മുടെ ബഹുമാനപ്പെട്ട നിസാമാബാദ് എം.പി കൊണ്ടുവന്ന മഞ്ഞൾ ബോർഡ്’ എന്നായിരുന്നു മഞ്ഞ നിറത്തിലെഴുതിയ പരസ്യ ബോർഡിൽ കർഷകർ എഴുതിയത്. ഈ ബോർഡുകൾ തന്റെ വാഗ്ധാനത്തെ കുറിച്ച് എം.പിയെ ഓർമ്മപ്പെടുത്തട്ടേയെന്നും അതിന് വേണ്ടിയാണ് ഇവ സ്ഥാപിച്ചതെന്നുമാണ് കർഷകരുടെ വിശദീകരണം.
2019ലായിരുന്നു അരവിന്ദ് ധർമ്മപുരിയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും രാം മാധവും ചേർന്ന് നിസാമാബാദിലെ മഞ്ഞൾ കർഷകർക്കായി മഞ്ഞൾ ബോർഡ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയത്.
അതേസമയം, രാജ്യത്ത് മഞ്ഞൾ ബോർഡ് ഉൾപ്പെടെ സുഗന്ധവ്യഞ്ജന ബോർഡ് സ്ഥാപിക്കാനുള്ള നിർദേശമില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞിരുന്നു. 1986 ലെ സ്‌പൈസസ് ബോർഡ് ആക്‌ട് പ്രകാരമാണ് നടപടിയെന്നായിരുന്നു വിശദീകരണം.
എന്നാൽ രേഖാമൂലമായിരുന്നു അരവിന്ദ് ധർമ്മപുരിയുടെ പ്രഖ്യാപനം. വിജയിച്ച് അഞ്ച് ദിവസത്തിനുള്ളിൽ മഞ്ഞൾ ബോർഡ് സ്ഥാപിക്കുമെന്ന് ജുഡീഷ്യൽ ബോണ്ട് പേപ്പറിൽ രേഖാമൂലം ജനങ്ങളെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ വോട്ട് നേടിയത്.
ഇതിന്റെ പകർപ്പ് ബി.ജെ.പി പ്രവർത്തകർ പ്രദേശത്തെ മഞ്ഞൾ കർഷകർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വാക്ക് പാലിക്കാനായില്ലെങ്കിൽ പാർലമെന്റിലെ തന്റെ സ്ഥാനം രാജിവെക്കുമെന്നും അരവിന്ദ് വ്യക്തമാക്കിയിരുന്നു.
ബി.ആർ.എസ് എം.എൽ.സിയും മുൻ നിസാമാബാദ് എം.പിയുമായ കെ. കവിതയാണ് ബി.ജെ.പി എം.പിയുടെ വാഗ്ധാനത്തെ കുറിച്ച് വീണ്ടും ചർച്ച കൊണ്ടുവന്നത്.
Content Highlight: Telangana farmers put up hoardings to protest against Nizamabad BJP MP for failure to get turmeric board