ന്യൂദൽഹി: തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം.
തെലങ്കാനയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളിൽ നാല് പേരെയെങ്കിലും ഏജൻസികൾ വിളിപ്പിക്കുകയോ അവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തുകയോ ചെയ്തതായി അദ്ദേഹം പറഞ്ഞു.
നാല് സ്ഥാനാർത്ഥികളിലൊരാൾ ബി.ജെ.പിയുടെ പ്രകടനപത്രികാ കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നുവെന്നും നവംബർ ഒന്നിനാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതെന്നും ചിദംബരം തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
ബി.ജെ.പിയുടെ ഒരു സ്ഥാനാർത്ഥിക്കെതിരെ പോലും അന്വേഷണ ഏജൻസികൾ പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘ബി.ജെ.പി സ്ഥാനാർത്ഥികളെയെല്ലാം ദൈവം നേരിട്ട് തെരഞ്ഞെടുത്തതാണ് എന്ന് വ്യക്തമായി. അവർക്കെല്ലാം ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്.
സത്യത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ തെലങ്കാനയിലെ ജനങ്ങളെ നേരിട്ട് സ്വർഗത്തിലേക്ക് കൊണ്ടുപോകും,’ പരിഹാസരൂപേണ ചിദംബരം പറഞ്ഞു.
At least four Congress Candidates in the Telangana elections were summoned or their premises searched by the investigating agencies in the midst of the election campaign
One of them was the Chairman of the BJP’s Manifesto Committee and resigned from the BJP on November 1
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് തെലങ്കാനയിലെ കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്‌ഡിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക. സമീപ ദിവസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനാണ് ഫല പ്രഖ്യാപനം.
Content Highlight: Telangana elections: Chidambaram alleges misuse of probe agencies by BJP during polls