| Tuesday, 24th December 2024, 12:55 pm

പുഷ്പ 2വില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗം പൊലീസ് സേനയെ അപമാനിക്കുന്നതുപോലെ: അല്ലു അര്‍ജുനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് എം.എല്‍.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുഷ്പ 2വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുനെതിരെയും സംവിധായകന്‍ സുകുമാറിനെതിരെയും പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് എം.എല്‍.സി തീന്‍മാര്‍ മല്ലണ്ണ. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന സീനിനെക്കുറിച്ചാണ് മല്ലണ്ണയുടെ പരാതി.

പ്രസ്തുതരംഗത്തില്‍ അല്ലു അര്‍ജുന്‍ മൂത്രമൊഴിക്കുമ്പോള്‍ ആ സ്വിമ്മിങ് പൂളില്‍ ഒരു പൊലീസ് കഥാപാത്രമുണ്ടായിരുന്നെന്നും ആ രംഗം പൊലീസ് സേനയെ തരംതാഴ്ത്തുന്നതിനും അപമാനിക്കുന്നതിനും തുല്യമാണെന്നുമാണ് മല്ലണ്ണ പരാതിയില്‍ പറയുന്നത്. ഇത്തരം രംഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊലീസ് സേനയുടെ മേലുള്ള വിശ്വാസ്യതയും ബഹുമാനവും കുറക്കുമെന്നും സേനയുടെ പവിത്രത ഇല്ലാതാക്കിയെന്നും മല്ലണ്ണ അഭിപ്രായപ്പെട്ടു.

ഈ രംഗം പൊലീസിനെ അപമാനിക്കുക മാത്രമല്ല, സിനിമക്ക് പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന ഈ കാലത്ത് പ്രേക്ഷകരെ മോശമായി സ്വാധീനിക്കുകയും സേനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് മല്ലണ്ണ ആരോപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആരോപിച്ചാണ് മല്ലണ്ണ ഹൈദരബാദിലെ മഡിപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഈ രംഗം പൊലീസ് സേനയെ കരിവാരിത്തേക്കുന്നത് പോലെയാണെന്നും അത് സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നും മല്ലണ്ണ ആവശ്യപ്പെട്ടു. ഇത്തരം രംഗങ്ങള്‍ പൊതുജനങ്ങള്‍ കണ്ടോട്ടെയെന്ന് എന്ത് അടിസ്ഥാനത്തിലാണ് സെന്‍സറിങ് ചെയ്തതെന്നും ഇതുപോലുള്ള രംഗങ്ങള്‍ക്ക് ഇനിമുതല്‍ കര്‍ശനമായ സെന്‍സറിങ് വേണമെന്നും എം.എല്‍.സി ആവശ്യപ്പെട്ടു.

അതേസമയം ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരബാദിലെ സന്ധ്യ തിയേറ്ററില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രം കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്നറിഞ്ഞ് വലിയ ജനക്കൂട്ടം തിയേറ്റര്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പിന്നീടുണ്ടായ തിരക്കില്‍ പെട്ടാണ് യുവതി മരിച്ചത്.

Content Highlight: Telengana Congress MLC filed case against Allu Arjun for a scene in Pushpa 2

We use cookies to give you the best possible experience. Learn more