national news
അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസ്; രേവന്ത് റെഡ്ഡി ദല്‍ഹി പൊലീസിന് മുമ്പാകെ ഹാജരായേക്കില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 30, 06:08 am
Tuesday, 30th April 2024, 11:38 am

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദല്‍ഹി പൊലീസിന് മുമ്പാകെ ഹാജരായേക്കില്ലെന്ന് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് പ്രചരണം ചൂണ്ടിക്കാട്ടി സമന്‍സിന് മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ തീരുമാനം ചൊവ്വാഴ്ച വൈകീട്ട് അറിയിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ ദല്‍ഹി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ദല്‍ഹി പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ദല്‍ഹി പൊലീസിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്.

സംവരണം നിര്‍ത്തലാക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്നതായുള്ള വ്യാജ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഇതിനെതിരെ ബി.ജെ.പി നേതൃത്വം ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം വ്യാജ വീഡിയോയില്‍ പ്രതികരിച്ച് അമിത് ഷാ രംഗത്തെത്തിയിരുന്നു. സംവരണം നിര്‍ത്തലാക്കില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷാ പ്രതികരിച്ചു.

Content Highlight: Revanth Reddy may not appear before Delhi Police in Amit Shah’s fake video case