| Thursday, 26th January 2023, 11:42 am

രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഗവര്‍ണറുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഹൈദരാബാദിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്.

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തെ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച് പൂര്‍ണതോതില്‍ത്തന്നെ റിപ്പബ്ലിക് ദിനപരേഡ് അടക്കം സംഘടിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് രാജ്ഭവനിലെ കെ.സി.ആറിന്റ അസാന്നിധ്യം ചര്‍ച്ചയാകുന്നത്.

ഗാര്‍ഡ് ഓഫ് ഓണറും പരേഡുമടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. നേരത്തേ രാജ്ഭവനില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെറുപരിപാടികള്‍ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിലാണ് സാധാരണ തെലങ്കാനയില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കാറ്. കഴിഞ്ഞ തവണ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു.

അതേസമയം, ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവും ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ സംഗീതസംവിധായകന്‍ എം.എം. കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ആദരിച്ചു.

Content Highlight:  Telangana Chief Minister K Chandrasekhar Rao. Absent from Governor’s Republic Day Celebration

We use cookies to give you the best possible experience. Learn more