ഹൈദരാബാദ്: രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 കേന്ദ്ര ബജറ്റില്‍ തെലങ്കാനയ്ക്ക് പരിഗണന കുറഞ്ഞതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബജറ്റ് അത്യധികം നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ പാതയിലായിരുന്ന തെലങ്കാനയ്ക്ക് ഈ അവഗണന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നികുതി വരുമാനത്തിന്റെ കേന്ദ്ര വിഹിതത്തില്‍ സംസ്ഥാനത്തിന്റെ വിഹിതത്തിന്റെ അനുപാതം കുറച്ചതും ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റിനെക്കുറിച്ചും അത് സംസ്ഥാനത്തിന് ഏല്‍പിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേന്ദ്ര വിഹിതത്തില്‍ വലിയ വെട്ടിച്ചുരുക്കല്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വിവിധ പദ്ധതികളിലായി 19,718 കോടിയാണ് തെലങ്കാനയ്ക്ക് അനുവദിച്ചിരുന്നത്. ഇത്തവണ അത് 15,987 കോടിയാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്’, കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്നത്. 2020-ലെ ദീര്‍ഘ ബജറ്റില്‍ നിന്നും പ്രത്യേകിച്ച് ഒരു സന്ദേശവും ലഭിക്കുന്നില്ലെന്നും ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏതു നമ്പരിട്ട് റേറ്റ് ചെയ്യാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ബജറ്റിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ബജറ്റു കൊണ്ട് പറയാന്‍ ഉദ്ദേശിച്ച സന്ദേശമെന്തായിരുന്നെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ആശയമോ പ്രസ്താവനയോ ഒന്നും തന്നെ എനിക്ക് പ്രസംഗത്തില്‍ നിന്നും ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പങ്കുവെച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് യെച്ചൂരി പറഞ്ഞത്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ