തെലങ്കാന: എന്തിന് എന്റെ മകനെ കൊന്നു? പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് മകനെ വെട്ടിക്കൊന്നവരോട് ഈ അച്ഛന് ഇതേ ചോദിക്കാനുള്ളൂ. മകന്റെ അപ്രതീക്ഷിത വിയോഗം ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തങ്ങളുടെ എല്ലാമായിരുന്നവര്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇവര്‍ക്കായിട്ടില്ല.
എന്തിനാണ് നിങ്ങള്‍ എന്റെ മകനെ കൊന്നുകളഞ്ഞത് ? നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ മകളെ തിരികെ കൊണ്ടുപോകാമായിരുന്നല്ലോ? എന്നാല്‍ അത് ചെയ്യാതെ നിങ്ങള്‍ ഞങ്ങളുടെ മകന്റെ ജീവന്‍ ഇല്ലാതാക്കി. – പ്രണയുടെ പിതാവ് ബാലസ്വാമി പറയുന്നു.
അമൃതയെ മരുമകളായി പ്രണയുടെ കുടുംബം തുടക്കത്തില്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് മകന്റെ പ്രണയ വിവാഹം ഇവര്‍ അംഗീകരിക്കുകയാണ്. ദളിത് ക്രിസ്ത്യന്‍ കുടുംബമാണ് പ്രണയുടേത്. വൈശ്യവിഭാഗത്തില്‍പ്പെട്ടവളാണ് അമൃത.
കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ടതിന്റെ ഷോക്കില്‍ നിന്നും അമൃതയിപ്പോഴും മോചിതയായിട്ടില്ല. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അമൃതയിപ്പോള്‍. മാനസിക നില തെറ്റിയ നിലയിലാണ് അമൃതയെന്ന് പ്രണയുടെ ബന്ധു സിദ്ധാര്‍ത്ഥ് പറയുന്നു.
21 കാരിയായ അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. പ്രണയുടെ അമ്മാവന്‍ മാത്രമാണ് അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ ഉള്ളത്. പ്രണയ് മരിച്ച വിവരം അമൃതയെ പൊലീസ് ഇന്നാണ് അറിയിച്ചത്.
പ്രണയുടെ വീടിന് സമീപത്തായി തന്നെയാണ് അമൃതയുടെ വീട്. അതിസമ്പന്നരാണ് അമൃതയുടെ വീട്ടുകാരെന്നും ഏകമകളായ അമൃതയും ദളിത് യുവാവായ പ്രണയിയെ വിവാഹം ചെയ്തത് അവര്‍ അംഗീകരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.
തെലങ്കാനയിലെ കാകാത്തിയ കണ്‍സപ്റ്റ് സ്‌കൂളില്‍ പ്രണയുടെ ജൂനിയറായി പഠിച്ചതാണ് അമൃത. ശ്രീനിധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രണയ് അമൃതയെ വിവാഹം ചെയ്യുന്നത്. ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദകോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയാണ് അമൃത.
അമൃതയുടേയും പ്രണയുടേയും ബന്ധത്തിന് തുടക്കം മുതലേ വീട്ടുകാര്‍ എതിരായിരുന്നെന്നും ആറ് മാസത്തോളം അമൃതയെ അവരുടെ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ ഇട്ടിരുന്നെന്നും പ്രണയുടെ സുഹൃത്ത് പറയുന്നു. 2018 ജനുവരിയില്‍ ഹൈദരാബാദിലെ ആര്യ സമാജത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
അമൃത അവരുടെ ഏകമകളാണ്. അമൃതയുടെ പേരില്‍ സ്‌കൂളുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. പ്രണയിയുമായുള്ള ബന്ധം അറിഞ്ഞ ഉടന്‍ തന്നെ ഭീഷണിയുമായി വീട്ടുകാര്‍ രംഗത്തെത്തിയത്. പ്രണയിയെ കൊന്നുകളുമെന്ന് നേരത്തെ തന്നെ അമൃതയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രണയുടെ ബന്ധുക്കളും പറഞ്ഞു.
ഇന്നലെ രാവിലെ ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയ് ആക്രമിക്കപ്പെട്ടത്.
രണ്ട് പേരും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതോടെ ഇവരുടെ പിറകെ തന്നെ ആയുധവുമായി ഒരാള്‍ എത്തുന്നതും പിറകില്‍ നിന്ന് പ്രണയിയെ വെട്ടുകയുമായിരുന്നു.
വെട്ടേറ്റ് നിലത്ത് വീണ പ്രണയിയെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നുണ്ട്. തടുക്കാനായി അമൃത എത്തുകയും വെട്ടുന്നത് കണ്ട് ഭയന്ന് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി പൊലീസ് വ്യക്തമാക്കി.