| Sunday, 28th July 2024, 9:13 am

മുസ്‌ലിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നു; ഹോട്ടലിന് ഹിന്ദു പേരിട്ട് കബളിപ്പിക്കുന്നു; വിദ്വേഷ പ്രസംഗവുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. മുസ്‌ലിങ്ങള്‍ തുപ്പല്‍ ജിഹാദ് നടത്തുകയാണെന്നും ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണത്തില്‍ തുപ്പുകയാണെന്നുമാണ് രാജ സിങ് ആരോപിക്കുന്നത്. തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കവെ ആയിരുന്നു എം.എല്‍.എയുടെ ആരോപണം.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ക്ക് സമാനമായി ഹോട്ടലുടകളോട് അവരുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാറും ആവശ്യപ്പെടണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഒപ്പം ഹോട്ടലുകള്‍ക്ക് ഹിന്ദു പേരുകളിട്ട് കബളിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും രാജ സിങ് ആരോപിക്കുന്നു. അടുത്തിടെ മധ്യപ്രദേശില്‍ നടന്ന ഒരു പരിപാടിയിലും ബി.ജെ.പി എം.എല്‍.എ മുസ്‌ലിങ്ങള്‍ക്ക് എതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, രാജ സിങ് പരാമര്‍ശിച്ച ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് പുറപ്പെടുവിപ്പിച്ച ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ കടകളുടെ നെയിം ബോര്‍ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്‍കണം എന്നതായിരുന്നു നിര്‍ദേശം. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ നിര്‍ദേശിച്ചത്.

ഇത് വലിയ വിവാദമായതോടെ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച കോടതി നീട്ടുകയും ചെയ്തിരുന്നു. നെയിം ബോര്‍ഡില്‍ പേര് വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കാന്‍ ആകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പാക്കാനാണ് ഉത്തരവിലൂടെ ഉദ്ദേശിച്ചതെന്നാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചത് കന്‍വാര്‍ തീര്‍ത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Content Highlight: Telangana BJP MLA T Raja Singh In With Hate Speech Against Muslims

We use cookies to give you the best possible experience. Learn more