തെലങ്കാനയില്‍ ദാദ്രി ആവര്‍ത്തിക്കും, ഗോമാതാവിനുവേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാര്‍: ബി.ജെ.പി എം.എല്‍.എ
Daily News
തെലങ്കാനയില്‍ ദാദ്രി ആവര്‍ത്തിക്കും, ഗോമാതാവിനുവേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാര്‍: ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2015, 11:39 am

dadri1 ഹൈദരാബാദ്: ഗോമാതാവിനെ സംരക്ഷിക്കുന്നതിനുവേണ്ടി ആരെയും കൊല്ലാനും മരിക്കാനും തയ്യാറാണെന്ന് തെലങ്കാനയിലെ ബി.ജെ.പിയുടെ വിപ്പും എം.എല്‍.എയുമായ രാജാ സിങ്. തെലങ്കാനയിലെ ഗോശാമല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം.

ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്താനുള്ള പദ്ധതിയോട് പ്രതികരിച്ചുകൊണ്ടാണ് രാജ് സിങ് ഇങ്ങനെ പറഞ്ഞത്. പശുവിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകുമെന്ന് പ്രഖ്യാപിച്ച രാജാ സിംഗ് കൊല്ലാനും മരിക്കാനും മടിയില്ലെന്നും അറിയിക്കുകയും ചെയ്തു.

“തെലങ്കാനയില്‍ ദാദ്രിയിലേതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. പശുവിനെ സംരക്ഷിക്കുന്നതിനായി ജീവന്‍ വെടിയാനും കൊല്ലാനും ഞങ്ങള്‍ക്ക് മടിയില്ല.” ബീഫ് ഫെസ്റ്റിവെലിന്റെ സംഘാടകരെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ഭക്ഷിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അവര്‍ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ പാടില്ല. മതവികാരങ്ങള്‍ വ്രണപ്പെടുമെന്നുണ്ടെങ്കില്‍ ഇത്തരം ഫെസ്റ്റിവെലുകള്‍ നിര്‍ത്തലാക്കാനുള്ള അവകാശം നമുക്കുണ്ട്.” എം.എല്‍.എ പറഞ്ഞു.

ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബീഫ് ഫെസ്റ്റിവല്‍ എന്ത് വില കൊടുത്തും തടയുമെന്നും രാജാ സിങ് പറഞ്ഞു.

താനൊരു ഹിന്ദുവാണ്. പശുവിനെ സംരക്ഷിക്കുകയെന്നത് ഹിന്ദുവിന്റെ ധര്‍മ്മമാണ്. അതു പറഞ്ഞിട്ടു മനസിലാത്തവരെ പാഠം പഠിപ്പിക്കാന്‍ മറ്റുവഴികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ബീഫ് ഫെസ്റ്റിവെലിനെതിരെയുളള തന്റെ കാമ്പെയ്‌നിനു ബി.ജെ.പിയുടെ പിന്തുണയുണ്ടോയെന്ന കാര്യം തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുവിന്റെ ധര്‍മ്മമാണ് താന്‍ ചെയ്യുന്നത്. ഗോമാതയുടെ അനുഗ്രഹം കൊണ്ടാണ് താന്‍ എം.എല്‍.എയായതെന്നും അദ്ദേഹം പറഞ്ഞു.

ദാദ്രി സംഭവം തെലങ്കാനയില്‍ ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ സംഘാടകരോട് പരിപാടി ഉപേക്ഷിക്കാനും ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടു. 37 വയസുകാരനായ രാജാ സിങ് നിരവധി കൊലപാതക കേസുകളില്‍ പ്രധാന പ്രതിയാണ്.

2008ല്‍ രണ്ട് ക്രിസ്ത്യന്‍ പാസ്റ്റേഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന രാജാ സിങ് നിരവധി വര്‍ഗ്ഗായ കലാപ കേസുകളിലും ആരോപണ വിധേയനാണ്. എന്നാല്‍ കൊലപാതക കേസുകളില്‍ നിന്നെല്ലാം മോചിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ രാജാസിങ് 2014ല്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.