| Sunday, 2nd June 2019, 10:32 pm

ഒവൈസി ഭീകരരെ സഹായിക്കുന്നു; 2024-ല്‍ ഹൈദരാബാദില്‍ ബി.ജെ.പി ജയിച്ചാല്‍ ഒവൈസിയുടെ അവസാനമാണെന്നും ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നെന്ന ആരോപണവുമായി ബി.ജെ.പി നേതാവ്. തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എ കൂടിയായ ടി. രാജാ സിങ്ങാണ് ആരോപണമുന്നയിച്ചത്.

‘ഒവൈസി ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തിലധികം മുസ്‌ലിങ്ങളാണു താമസിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ ഒവൈസിക്കെതിരാണ്. അദ്ദേഹം മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. 2024-ല്‍ ഇവിടെ ബി.ജെ.പി ജയിക്കും. അതോടെ ഒവൈസിയുടെ അവസാനമാണ്.’- രാജ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും അതിന്റെ വേര് ഹൈദരാബാദിലാണെന്ന കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി പ്രസ്താവന നടത്തിയതിനു പിറകെയായിരുന്നു രാജയുടെ പരാമര്‍ശം.

എന്നാല്‍ റെഡ്ഢിയുടെ പ്രസ്താവനയ്‌ക്കെതിരേ ഒവൈസി രംഗത്തെത്തിയിരുന്നു. മന്ത്രിക്കു ചേരാത്ത ഭാഷയാണ് റെഡ്ഢിയുടേതെന്നും മുസ്‌ലിങ്ങളെ ബി.ജെ.പി കാണുന്നത് മുസ്‌ലിങ്ങളെപ്പോലെയാണെന്നുമാണ് ഒവൈസി തിരിച്ചടിച്ചത്.

റെഡ്ഢിയുടെ പ്രസ്താവനയെ രാജ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ സ്‌ഫോടനം നടത്തിയവര്‍ ഈ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. ഗുജറാത്തിലെ ഹാരെന്‍ പാണ്ഡ്യ കേസിലെ പ്രതികള്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണ്. കൂടാതെ 12 ഐ.എസ് ഭീകരരെയാണ് ഹൈദരാബാദില്‍ നിന്നു പിടികൂടിയിട്ടുള്ളത്.- അദ്ദേഹം ആരോപിച്ചു.

മുസ്‌ലിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയല്ല, ഒവൈസിയെയാണു ഭയക്കുന്നത്. പൗരത്വ രജിസ്റ്റര്‍ ഹൈദരാബാദില്‍ നടപ്പാക്കി, ഇവിടെനിന്ന് ഹൈദരാബാദുകാരല്ലാത്ത മുസ്‌ലിങ്ങളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിനെ മുസ്‌ലിം വിരുദ്ധമാക്കി കാണിക്കുന്നത് ഒവൈസി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more