| Wednesday, 25th November 2020, 3:48 pm

'വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; തെലങ്കാന ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദത്തില്‍. ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നാണ് ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വാഗ്ധാനം നല്‍കിയിരിക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും, പാകിസ്താനികളും, അഫ്ഗാനിസ്താനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അത്തരം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂ.

പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് വേണ്ടി പ്രചരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി മുസ്‌ലിം വോട്ടിന്റെ സഹായത്താല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ശ്രമിക്കുന്നവര്‍ മതേതരവാദികളായാണ് സ്വയം അടയാളപ്പെടുത്തുന്നത്.

രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുത്വ വികാരങ്ങളെ മാനിക്കുന്ന ബി.ജെ.പിയെ വര്‍ഗീയ പാര്‍ട്ടിയായും മുദ്രകുത്തുന്നു. ഇത്തരത്തില്‍ അനേകം വിദ്വേഷ പ്രസ്താവനകളാണ് ബി.ജെ.പി നേതാവ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉപയോഗിച്ചത്.

നേരത്തെയും ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ദാരിദ്ര്യത്തിനും അഴിമതിക്കും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കുമെതിരായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ടത്. അല്ലാതെ ഹൈദരാബാദിനെതിരെയല്ല. ഹൈദരബാദിലെ സമാധാനം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിഷയത്തില്‍ ടി.ആര്‍.എസ് നേതാവ് കെ.ടി രാമ റാവോ പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Telangana BJP chief promises ‘surgical strike’ in Old City of Hyderabad after GHMC polls

We use cookies to give you the best possible experience. Learn more