| Monday, 10th December 2018, 10:01 pm

പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണം; തെലങ്കാനയില്‍ ഗവര്‍ണറെ കണ്ട് അപ്രതീക്ഷിത നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടു.

വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.

Read Also: എക്‌സിറ്റ് പോളില്‍ ഭയന്ന് ബി.ജെ.പി; പ്രതീക്ഷയോടെ കോണ്‍ഗ്രസ്: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെ

തൂക്കുനിയമസഭയുണ്ടാകുകയും വിശാല പ്രതിപക്ഷസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വിശാല സഖ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കണക്കാക്കി സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നാണു ഫലപ്രഖ്യാപനത്തിന്റെ തലേദിവസം നതാക്കള്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പിനു മുമ്പേ സഖ്യം രൂപീകരിച്ചതിന്റെ രേഖകളും സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയും ഗവര്‍ണര്‍ക്കു നേതാക്കള്‍ കൈമാറിയെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

Read Also : ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണം; മുന്നറിയിപ്പുമായി രഘുറാം രാജന്‍

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്, തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സി.പി.ഐ എന്നിവ ചേര്‍ന്നാണു തെലങ്കാനയില്‍ വിശാലസഖ്യം രൂപീകരിച്ചിട്ടുള്ളത്.

അതേസമയം ആറില്‍ മൂന്ന് എക്‌സിറ്റ് പോളുകള്‍ ഭരണകക്ഷിയായ ടി.ആര്‍.എസിനാണ് കേവലഭൂരിപക്ഷം പ്രവചിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയാണ് നാളെ പുറത്തു വരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും.

ലോക്സഭ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കേ അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത് എന്ത് തന്നെയായലും അത് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയത്.

We use cookies to give you the best possible experience. Learn more