| Friday, 29th December 2023, 11:50 am

തെലങ്കാനയിൽ തൊഴിലാളി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് എ.ഐ.ടി.യു.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ സിങ്കാരണി കോളിയറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്.സി.സി.എൽ) തൊഴിലാളി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് സി.പി.ഐയുടെ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്‌ (എ.ഐ.ടി.യു.സി).

സിങ്കാരണിയുടെ ഭാഗമായ 13 തൊഴിലാളി യൂണിയനുകൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ഡിസംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ 39,773 വോട്ടുകൾ പോൾ ചെയ്യപ്പട്ടിരുന്നു. ആകെ വോട്ടർമാരുടെ 94.20 ശതമാനമാണ് ഇത്.

ആറ് ജില്ലകളിലെ 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ എ.ഐ.ടി.യു.സി വിജയിച്ചു. കോൺഗ്രസിന്റെ ഐ.എൻ.ടി.യു.സി ആറ് സീറ്റുകൾ നേടി. ഐ.എൻ.ടി.യു.സിയെക്കാൾ 1999 വോട്ടുകൾ എ.ഐ.ടി.യു.സി അധികം നേടിയിരുന്നു.

എല്ലാ ഡിവിഷനുകളിലും ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന യൂണിയനെയാണ് വിജയിച്ചതായി പ്രഖ്യാപിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.സി.സി.എല്ലിന്റെ വിജയിയായി എ.ഐ.ടി.യു.സി തെരഞ്ഞെടുക്കപ്പെട്ടു.

2001ന് ശേഷമാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി വിജയിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഈ വർഷവും അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നു. ഒക്ടോബർ 28നാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്താനിരുന്നത്. എന്നാൽ നവംബർ 30ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ എസ്.സി.സി.എൽ അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.

കോടതി നിർദേശത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഡിസംബർ 27ന് നടത്തിയത്.

സംസ്ഥാനത്തെ ഭരണമാറ്റവും പുതിയ ഭരണകൂടം സജ്ജമാകാൻ സമയം വേണമെന്നതും ചൂണ്ടിക്കാട്ടി വീണ്ടും തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അധികൃതർ കോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ആവശ്യം തള്ളിയിരുന്നു.

ബി.ആർ.എസിന്റെ തെലങ്കാന ബോഗ്ഗു ഗനി കർമിക സംഘയോട് (ടി.ബി.ജി.കെ.എസ്), ബി.ആർ.എസ് അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. യൂണിയൻ നാമനിർദേശം നൽകിയിരുന്നെങ്കിലും പ്രചരണം നടത്തിയിരുന്നില്ല.

Content Highlight: Telangana: AITUC emerges victorious in Singareni Trade Union elections

We use cookies to give you the best possible experience. Learn more