മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണം; വൻ പ്രതിഷേധത്തെ തുടർന്ന് 39 പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു
national news
മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണം; വൻ പ്രതിഷേധത്തെ തുടർന്ന് 39 പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 10:10 am

ഹൈദരാബാദ്: മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ആവശ്യപ്പെട്ട് തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾമാർ നടത്തിയ സമരത്തെ തുടർന്ന് 39 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടതായി റിപ്പോർട്ട്. ടി.ജി.എസ്.പി പ്രവർത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സസ്‌പെൻഷൻ.

ഓഫീസർമാർ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് മേലുദ്യോഗസ്ഥരുടെ ഭാഷ്യം.

ശനിയാഴ്ച, കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും കുടുംബാംഗങ്ങൾക്കൊപ്പം പ്രകടനങ്ങളിൽ പങ്കുചേർന്നിരുന്നു. പ്രതിഷേധത്തിനിടെ ഒരു കോൺസ്റ്റബിൾ ഐ.പി.എസ് ഉദ്യോഗസ്ഥനോട് വൈകാരികമായി അപേക്ഷിക്കുന്നതും മറ്റൊരാൾ രാജണ്ണ സിർസില്ലയിലെ കമാൻഡൻ്റുമായി ഏറ്റുമുട്ടുന്നതും കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു.

തെലങ്കാന പോലീസിന്റെ തുടർച്ചയായ പ്രതിഷേധങ്ങൾ സേനയുടെ പ്രതിച്ഛായയെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡി.ജി.പി ജിതേന്ദർ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികൾ പോലും ചെയ്യാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്ന് കോൺസ്റ്റബിൾമാർ പറഞ്ഞു.

തങ്ങൾക്ക് സ്ഥിരമായ ചികിത്സയുടെയും തുല്യമായ തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് പൊലീസ് കോൺസ്റ്റബിൾമാർ പ്രതിഷേധിക്കുന്നത്.

വാറങ്കലിൽ, നൽഗൊണ്ടയിൽ, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോൺസ്റ്റബിൾമാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരെ പൊലീസ് അടിച്ചമർത്തുകയും ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

ഒരു നിശ്ചിത കാലയളവിലെത്തിയാൽ കോൺസ്റ്റബിൾമാർക്ക് സ്ഥാനക്കയറ്റം നൽകുന്ന തമിഴ്‌നാടിന്റെ നയം നടപ്പിലാക്കാനാണ് തെലങ്കാന കോൺസ്റ്റബിൾമാർ ആവശ്യപ്പെടുന്നത്. ഇത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കുന്നതിന് കാരണമാകും.

പ്രതിഷേധത്തിൽ കോൺസ്റ്റബിൾമാരുടെ കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളിൽ നിന്ന് കാര്യമായ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിൽ നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടി.

വാറങ്കൽ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾമാർ ബറ്റാലിയൻ കമാൻഡറുടെ ഓഫീസിന് പുറത്ത് തങ്ങളുടെ പരാതികൾ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

Content Highlight: Telangana: 39 police constables suspended after massive protests