| Saturday, 23rd February 2019, 2:48 pm

ട്രോള്‍ അലേര്‍ട്ട്!!! ഇതാണാ 'സങ്കട' ചിത്രങ്ങള്‍; സൈനികരുടെ മരണശേഷമുള്ള മോദീഭാവങ്ങള്‍ പുറത്തുവിട്ട് ടെലിഗ്രാഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടതറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണം പോലും കഴിച്ചില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞദിവസം പ്രചരിപ്പിച്ചത്. എന്നാല്‍ ആ പ്രചരണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ദ ടെലഗ്രാഫ്.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ ഫെബ്രുവരി 15 മുതല്‍ 21വരെയുള്ള ദിവസങ്ങളില്‍ മോദി നടത്തിയ ആഹ്ലാദപ്രകടനങ്ങളുടെ ചിത്രവും സ്ഥലവും സാഹചര്യവും ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ടെലിഗ്രാഫ് കേന്ദ്രത്തെ ട്രോളിയിരിക്കുന്നത്.

“ലജ്ജാകരം, ദേശദ്രോഹികളേ ! ഫെബ്രുവരി 14 മുതല്‍ പ്രധാനമന്ത്രി ദു:ഖത്തിലായിരുന്നുവെന്നതിനെ എങ്ങനെയാണ് നിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവുക? അന്നു മുതല്‍ എല്ലാദിവസവും അദ്ദേഹം കറുപ്പ് വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു” എന്ന കുറിപ്പോടെ മോദിയുടെ പലതരം “ചിരിഭാവങ്ങളുള്ള” ഫോട്ടോ നല്‍കിയാണ് ടെലഗ്രാഫിന്റെ ട്രോള്‍. ഈ ചിത്രങ്ങളില്‍ മോദി ധരിച്ച കറുപ്പ് വസ്ത്രം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് പരിഹാസം.

പുല്‍വാമ സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നു പറയുമ്പോഴും തെരഞ്ഞെടുപ്പു പ്രചരണമടക്കമുള്ള പരിപാടികളില്‍ സജീവമായിരുന്നു മോദിയും ബി.ജെ.പി നേതാക്കളും. ആക്രമണം നടന്നതിനു പിന്നാലെ ഫെബ്രുവരി 15ന് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. ചടങ്ങില്‍ ചിരിച്ചുകൊണ്ട് മോദി അഭിവാദ്യം ചെയ്യുന്നതാണ് ടെലഗ്രാഫ് പുറത്തുവിട്ട ഒരു ചിത്രം. ഇങ്ങനെ 21 വരെയുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളാണ് ടെലഗ്രാഫ് പുറത്തുവിട്ടിരിക്കുന്നത്.

പിറ്റേദിവസം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള പരിപാടിയില്‍ കുശലം ചോദിച്ചുകൊണ്ട് ചിരിക്കുന്ന മോദിയുടെ ചിത്രമാണ് അടുത്തത്.

സൈനികര്‍ കൊല്ലപ്പെട്ടതറിഞ്ഞശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ഷൂട്ടിങ് തിരക്കിലായിരുന്നെന്ന കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമായിരുന്നു മോദി അതീവ ദു:ഖത്തിലായിരുന്നെന്ന ബി.ജെ.പി  പ്രചരണം. നെറ്റുവര്‍ക്കു ലഭിക്കാത്തതിനാല്‍ 25 മിനിറ്റ് വൈകിയാണ് മോദിയെ ഭീകരാക്രമണ വിവരം അറിയിക്കാന്‍ കഴിഞ്ഞതെന്നും വിവരം അറിയിക്കാന്‍ വൈകിയതിന് മോദി രോഷാകുലനായെന്നും കേന്ദ്രം പ്രചരിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more