മുംബൈ: ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപെട്ട അതിഥികളുടെ പട്ടികയില്‍ നിന്നും തരുണ്‍ തേജ്പാലിനെ ഒഴിവാക്കി. ഡിസംബര്‍ 5 മുതല്‍ ഏഴു വരെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ലിറ്റററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കപെടുന്നത്.
ഫെസ്റ്റിവലിന്റെ രണ്ടാം ദിനം കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ബഷാറത് പീര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കായിരുന്നു തേജ്പാലിന് ക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍ ട്വിറ്ററിലടക്കം ഫെസ്റ്റിവല്‍ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ തരുണിനെ ഒഴിവാക്കിയത്.
ലൈംഗിക പീഡനകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തരുണിന് ആദ്യമായി ലഭിച്ച പൊതു വേദിയായിരുന്നു ടൈംസ് ലിറ്റററി ഫെസ്റ്റിവല്‍. അതേ സമയം തരുണിനെ ഉള്‍പെടുത്തുന്നതിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സ്വപന്‍ ദാസ് ഗുപ്ത, സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
ഫെസ്റ്റിവല്‍ കമ്മറ്റിയുടെ തീരുമാനം ലൈംഗിക പീഡനത്തെ സാധാരണയാക്കി തീര്‍ക്കുന്ന നടപടിയാണെന്നാണ് തേജ്പാലിന്റെ പേര് പരാമര്‍ശിക്കാതെ വരദരാജന്‍ പറഞ്ഞത്. വരദരാജനെ കൂടാതെ സ്വപന്‍ ദാസ് ഗുപ്തയും തേജ്പാലിനെ ഉള്‍പെടുത്തിയതിനെതിരെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30നായിരുന്നു സഹ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തേജ്പാലിനെ അറസ്റ്റ് ചെയ്തിരുന്നത്.