| Sunday, 5th February 2023, 4:09 pm

രാഹുല്‍ ഗാന്ധിയുടെ തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് കാണുന്ന 'രാജ്യത്തെ തൊഴിലില്ലായ്മ' : തേജസ്വി സൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി യുവമോര്‍ച്ച ദേശീയ പ്രസിഡന്റും എം.പിയുമായ തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തൊഴിലില്ലായ്മ കോണ്‍ഗ്രസ് രാജ്യത്തിന്റെ തൊഴിലില്ലായ്മയാണ് കാണുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഡി.കെ. ബി.ജെ.പി ഇക്കണോമിക് സെല്‍ സംഘടിപ്പിച്ച ബജറ്റ് അനാലിസിസ് 2023 എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുള്ള തേജസ്വിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് പറയുന്നത് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് എന്നാണ്.

എന്നാല്‍ ഈ വാദം തെറ്റാണെന്നും തൊഴിലെടുക്കാന്‍ മനസുള്ളവര്‍ക്ക് രാജ്യത്ത് നിരവധി അവസരങ്ങള്‍ കണ്ടെത്താനാകുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ഇ.പി.എഫ്.ഒ അംഗത്വം 9.5 കോടിയില്‍ നിന്നും 27 കോടിയിലെത്തി. അതുപോലെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മികവുറ്റതായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എത്രത്തോളം സംഘടിതമാകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇ.പി.എഫ്.ഒ അംഗത്വത്തിലെ വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി.എ സര്‍ക്കാരും ബി.ജെ.പി സര്‍ക്കാരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നോക്കിക്കാണുന്ന രീതി വ്യത്യസ്തമാണ്. യു.പി.എ ഭരണകാലത്ത് കര്‍ഷകര്‍ക്ക് താത്ക്കാലിക ആശ്വാസമായിരുന്ന ലോണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ബി.ജെ.പി ചെയ്തത് അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തുകയാണ്. ഇത് രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങള്‍ വലുതായിരിക്കും.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യയെ പുരോഗമനത്തിന്റെ പാതയിലെത്തിച്ചത് ബി.ജെ.പിയാണെന്നും തേജസ്വി പറഞ്ഞു.

അദാനി എന്റര്‍പ്രൈസസ് പൂര്‍ണ്ണമായി സബ്സ്‌ക്രൈബു ചെയ്ത എഫ്.പി.ഒ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഒരു സ്വകാര്യ കമ്പനിയുടെ തീരുമാനമാണെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷത്തിന്റെ ഉദ്ദേശം ചര്‍ച്ചയല്ല പാര്‍ലമെന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠനങ്ങള്‍ നടത്തുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക്. നംവബറില്‍ 8 ശതമാനമായിരുന്നു.

നഗരങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിസംബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.9 ശതമാനവും ഗ്രാമങ്ങളില്‍ 7.44 ശതമാനവുമാണ്. നവംബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനമായിരുന്നു. ഗ്രാമങ്ങളില്‍ 7.55 ശതമാനവും. ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്.

Content Highlight: Tejaswi surya says rahul gandhi’s political joblessness is what congress considers unemployment

We use cookies to give you the best possible experience. Learn more