| Monday, 1st March 2021, 9:57 pm

ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം; പിന്തുണ തൃണമൂലിന് തന്നെ, മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം. അതിനായി മമത ബാനര്‍ജിയെ എല്ലാവിധത്തിലും സഹായിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. കാളിഘട്ടില്‍ മമതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമതയെ ബാനര്‍ജിയോടൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. എന്ത് വില കൊടുത്തും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയുകയാണ് ലക്ഷ്യം. രാജ്യം നശിപ്പിക്കുന്നവരില്‍ നിന്ന് ഈ രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് ബംഗാളിന്റെ കാര്യമല്ല. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണിത്’, തേജസ്വി പറഞ്ഞു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രിസിനൊപ്പം മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് കാളിഘട്ടില്‍ വെച്ച് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോര്‍ ഞായറാഴ്ച ആര്‍.ജെ.ഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ സമാജ്വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thejaswi Yadav Response After Meeting Mamatha Banerjee

We use cookies to give you the best possible experience. Learn more