| Saturday, 17th April 2021, 2:51 pm

പാവങ്ങളുടെ മിശിഹാ പുറത്തെത്തി; ലാലുപ്രസാദ് യാദവിന്റെ മോചനത്തില്‍ തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചതോടെ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവ്. വിചാരണയുടെ പകുതിയും ലാലു പിന്നിട്ടെന്നും തേജസ്വി പറഞ്ഞു.

‘അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതിയോട് നന്ദി പറയുന്നു’, തേജസ്വി പറഞ്ഞു.

അദ്ദേഹത്തിന്റെ ചികിത്സ തുടരുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാര്‍ സന്തുഷ്ടരാണെന്നും അവരുടെ മിശിഹാ പുറത്തെത്തിയെന്നും തേജസ്വി പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ലാലുവിന് ജാമ്യം ലഭിച്ചത്.

ഫെബ്രുവരി 19ന് ഹൈക്കോടതി ലാലു പ്രസാദിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാകും ജാമ്യം അനുവദിക്കാനാവുക എന്നുമാണ് ഹൈക്കോടതി പറഞ്ഞിരുന്നത്.

കോടതി ഇന്ന് കേസ് പരിഗണിക്കവെ, കേസിലെ പകുതി ശിക്ഷാ കാലാവധിയായ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷമാണ് ലാലു പ്രസാദിനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.

ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ചെന്നായിരുന്നു കേസ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ലാലു പ്രസാദ് ജാമ്യം നേടിയിട്ടുണ്ട്. അതേസമയം ലാലു പ്രസാദ് യാദവ് ദല്‍ഹി എയിംസില്‍ ഇപ്പോഴും ചികിത്സയിലാണ്.

ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍ക്കുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejaswi Yadav Lalu Prasad Yadav Bail

We use cookies to give you the best possible experience. Learn more