പാട്‌ന: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ആര്‍.ജെ.ഡി. തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍.ജെ.ഡി തെരഞ്ഞെടുത്തത്. ആര്‍.ജെ.ഡി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുവാനും യോഗത്തില്‍ ആഹ്വാനമുയര്‍ന്നു. നിതീഷ് കുമാറുമായി വീണ്ടും സഖ്യത്തിലെത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കവേയാണ് അതിനെ തള്ളിയുള്ള ആര്‍.ജെ.ഡി പ്രഖ്യാപനം.
സമാനകക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ഉത്തരവാദിത്വം ജയിലില്‍ കഴിയുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് നല്‍കി. ലാലു പ്രസാദ് യാദവിന്റെ മക്കളും എം.എല്‍.എമാരുമായ തേജസ്വി യാദവും തേജ് പ്രതാപും യോഗത്തില്‍ പങ്കെടുത്തു.
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയോടൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി ശരത് യാദവ് മത്സരിച്ചിരുന്നു.