| Thursday, 8th October 2020, 10:10 am

'ഒന്നുകില്‍ അറസ്റ്റ് ചെയ്യൂ, അല്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടൂ'; ദളിത് നേതാവിന്റെ കൊലപാതകത്തില്‍ നിതീഷ് കുമാറിനോട് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ദളിത് നേതാവ് ശക്തി മാലിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദളിത് നേതാവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് തേജസ്വിയുടെ പ്രതികരണം.

ഒന്നുകില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ആഭ്യന്തര മന്ത്രിയെന്ന പദവി കൂടി വെച്ച് മുഖ്യമന്ത്രി നീതീഷ് കുമാറിന് തന്നെ അറസ്റ്റ് ചെയ്യാമായിരുന്നെന്നും തേജസ്വി യാദവ് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മുഖ്യമന്ത്രി നീതീഷ് കുമാറിനെഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശക്തി മാലിക് തീരുമാനിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ ആരോപിച്ചിരുന്നു.

ആര്‍.ജെ.ഡിയുടെ ദളിത് സെല്‍ അധ്യക്ഷന്‍ അനില്‍ കുമാര്‍ സാധു, അറാറിയ കലൊ പാസ്വാന്‍, സുനിത ദേവി എന്നീ നേതാക്കള്‍ക്കെതിരേയും നേരത്തെ എഫ്.ഐ.ആര്‍ ചുമത്തിയിരുന്നു. പിന്നാലെയാണ് ആര്‍.ജെ.ഡി നേതാക്കളായ തേജസ്വി യാദവിനെതിരെയും തേജ് പ്രതാപ് യാദവിനെതിരെയും എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

ആര്‍.ജെ.ഡി മുന്‍ അംഗമായ മാലിക്ക് ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ വസതിക്ക് പുറത്ത് വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

റാണിഗഞ്ച് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് അനുവദിക്കണമെങ്കില്‍ 50 ലക്ഷം രൂപ സംഭാവനയായി നല്‍കണമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടതായി ഒരു വീഡിയോയില്‍ മാലിക് ആരോപിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൂര്‍ണിയ ജില്ലയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടിയണിഞ്ഞ മൂന്ന് പേരാണ് മാലിക്കിനെ വെടിവച്ചുകൊന്നത്. ഭാര്യയും മക്കളും ഡ്രൈവറും മാത്രമാണ് അന്ന് വീട്ടില്‍ ഉണ്ടായിരുന്നത്.

പൊതുവേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് തേജസ്വി യാദവിനോട് കടുത്ത അതൃപ്തിയുണ്ട്. ഈ സംഭവം കൂടി വന്നതോടെ തേജസ്വിയുടെ നേതൃത്വത്തോടുള്ള എതിര്‍പ്പ് കൂടുതല്‍ പ്രകടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav writes to Nitish Kumar and said arrest him or order CBI probe

Latest Stories

We use cookies to give you the best possible experience. Learn more