പറ്റ്‌ന: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സേയാണെന്ന പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് കമല്‍ഹാസന് പിന്തുണയുമായി തേജസ്വി രംഗത്തെത്തിയത്.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തി വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.
‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സേയെന്നാണെന്നുമായിരുന്നു നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്. ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.
അതേസമയം കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്നായിരുന്നു ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞത്.
‘അയാളുടെ നാവ് മുറിച്ചുകളയണം. അയാള്‍ പറഞ്ഞതു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല’- ശിവകാശിയില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ ബാലാജി പറഞ്ഞു.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.
‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്നാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.