ബി.ജെ.പിയുടേതു നശീകരണ രാഷ്ട്രീയം; നിതീഷ് കുമാറുള്ള ഏത് ബോട്ടും മുങ്ങും; ബി.ജെ.പിക്കും ജെ.ഡി.യുവിനുമെതിരേ തേജസ്വി യാദവ്
ന്യൂദല്‍ഹി: ബി.ജെ.പി രാജ്യത്തു വിഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. വികസനരാഷ്ട്രീയമല്ല നശീകരണരാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും നിങ്ങള്‍ മറ്റു വിഷയങ്ങളെക്കുറിച്ചു പറയുമ്പോള്‍ ബി.ജെ.പി ദേശീയതയെക്കുറിച്ചു പറയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിയുടെ പ്രണോയ് റോയിക്കു നല്‍കിയ അഭിമുഖത്തിലാണു തേജസ്വി ഇക്കാര്യം പറഞ്ഞത്.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബി.ജെ.പിയുടെ സെല്‍ പോലെയാണു പ്രവര്‍ത്തിക്കുന്നത്. അവ ബി.ജെ.പി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചതു തങ്ങള്‍ക്കു ഗുണകരമാണെന്നും തേജസ്വി അവകാശപ്പെട്ടു. ‘അദ്ദേഹമുള്ള ഏത് ബോട്ടും മുങ്ങും. അദ്ദേഹത്തിനറിയാം ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലെന്ന്. അതുകൊണ്ടു പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള നിലമൊരുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.’- തേജസ്വി ആരോപിച്ചു.
രാജ്യം പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. വ്യത്യസ്ത ആശയങ്ങളുള്ള ഞങ്ങള്‍ രാജ്യത്തെ പഴയ അവസ്ഥയിലാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷകക്ഷികളെ ചൂണ്ടിക്കാട്ടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലേതു പോലെതന്നെ മഹാഗഡ്ബന്ധന്‍ ബീഹാറിലും ശക്തമാണെന്നും ദേശീയതലത്തില്‍ അതു ശക്തമല്ലെങ്കിലും പ്രാദേശികതലത്തില്‍ നല്ല ഫലമുണ്ടാക്കുമെന്നും തേജസ്വി പറഞ്ഞു.
ബീഹാറില്‍ എല്ലായിടത്തും ബി.ജെ.പി ജയിക്കുമെന്നും തേജസ്വി നേരത്തേ പറഞ്ഞിരുന്നു. മേയ് 23 ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് രാഷ്ട്രീയ ഭൂചലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
തേജസ്വിയും സഹോദരന്‍ തേജ്പ്രതാപ് യാദവും തമ്മില്‍ അസ്വാരസ്യത്തിലാണെന്നും രണ്ടു വിഭാഗങ്ങളായാണ് ആര്‍.ജെ.ഡി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു.