മാപ്പ് പറയുംവരെ നിയമസഭ ബഹിഷ്‌കരിക്കും; നിതീഷിനെ മുട്ടുമടക്കിപ്പിക്കാന്‍ എന്തിനും പോന്ന തേജസ്വി
national news
മാപ്പ് പറയുംവരെ നിയമസഭ ബഹിഷ്‌കരിക്കും; നിതീഷിനെ മുട്ടുമടക്കിപ്പിക്കാന്‍ എന്തിനും പോന്ന തേജസ്വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 3:18 pm

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് താക്കീതുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ കാലാവധി തീരും വരെ നിയമസഭ ബഹിഷ്‌കരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

” നിതീഷ് കുമാറും അയാളുടെ കളിപ്പാവകളായ ഉദ്യോഗസ്ഥരും അറിയണം, ഒരു സര്‍ക്കാരും സ്ഥിരമല്ലെന്ന്. നിയമസഭയ്ക്ക് മുന്നില്‍ എം.എല്‍.എല്‍മാരെ ഉപദ്രവിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമാണ്. നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ കാലാവധി തീരും വരെ ഞങ്ങള്‍ നിയമസഭ ബഹിഷ്‌കരിക്കും,” തേജസ്വി യാദവ് പറഞ്ഞു.

ബീഹാര്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് അടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ചൊവ്വാഴ്ചയാണ് ബീഹാര്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധമുണ്ടായത്. ബീഹാര്‍ മിലിറ്ററി പൊലീസിനെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയില്‍ വെച്ചതിനെതുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പൊലീസ് സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആര്‍.ജെ.ഡി, സി.പി.ഐ.എം എം.എല്‍.എമാരെയാണ് മര്‍ദ്ദിച്ചത്.
ആര്‍.ജെ.ഡി എം.എല്‍.എ സുധാകര്‍ സിംഗ്, സി.പി.ഐ.എം എം.എല്‍.എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. യാദവിനെ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാര്‍ പ്രത്യേക സായുധ പൊലീസ് നിയമം,2021 കരിനിയമം ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ മേശപ്പുറത്ത് വെച്ചതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് പട്‌ന എസ്.എസ്.പി ഉപേന്ദ്ര സിംഗ് എം.എല്‍.എ ഉപേന്ദ്ര കുമാര്‍ ശര്‍മ ഇവരെ നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിന്മാറാന്‍ തയ്യാറാകാതിരുന്ന എം.എല്‍.എമാരെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav Slams Nitish Kumar