ചെന്നൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ ഡി.എം.കെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ നീതി വിരുദ്ധ നയങ്ങളെ വിമര്‍ശിച്ച തേജസ്വി, വരുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ എല്ലാ പാര്‍ട്ടികളും കൈകോര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
‘ദ്രാവിഡ ആതികായരായ ഇ.വി രാമസ്വാമി, പെരിയാര്‍, സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരില്‍ നിന്ന് ഉടലെടുത്തതാണ് എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയം. ദൃഢമായപ്രത്യയശാസ്ത്രത്തില്‍ നിന്നേ ശക്തവും ഊര്‍ജിതവുമായ നേതൃത്വമുണ്ടാകൂ. ഈ സംഗമം സാമൂഹ്യനീതിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കൂടിയാണ്,’ അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തു നിന്നും പൊള്ളയായ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ കഴിയൂ. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സാമൂഹ്യനീതിയെ കുറിച്ചും ജാതിവിവേചനത്തെ കുറിച്ചും ബോധമുണ്ടായിരുന്നുവെന്നും അത് തന്നെയാണ് സംസ്ഥാനത്തെ ഭരണത്തില്‍ പ്രതിപാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തു നിന്നും പൊള്ളയായ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ കഴിയൂ. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സാമൂഹ്യനീതിയെ കുറിച്ചും ജാതിവിവേചനത്തെ കുറിച്ചും ബോധമുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഇത് മനസിലാക്കേണ്ടതുണ്ട്. അവര്‍ ഇനിയും പഠിക്കണം. പഠിച്ചതിനെ തിരുത്തി പഠിക്കണം.
ഉത്തരേന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ സാമൂഹ്യനീതി വിരുദ്ധമാണ്. അവജ്ഞയോടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ നോക്കുന്ന ഒരു ഇന്ത്യയെ അല്ല നമുക്ക് വേണ്ടത്.
സാമ്പത്തിക വളര്‍ച്ചയുണ്ടാകണമെന്ന വീക്ഷണം ഡി.എം.കെയ്ക്കുണ്ട്. ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കണമെന്നും പാര്‍ട്ടിക്ക് അറിയാം. ബിഹാറിലും സമാന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് രാജ്യതലത്തിലേക്ക് ഈ ആശയങ്ങളെ എത്തിക്കണം,’ തേജസ്വി യാദവ് പറയുന്നു.
രാജ്യത്ത് തൊഴില്ലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കുകയാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി തന്റെ പിതാവും ആര്‍.ജെ.ഡി തലവനുമായ ലാലൂ പ്രസാദ് യാദവ് പറയുമായിരുന്നുവെന്നും അതിനാല്‍ എല്ലാവരും ഒത്തുചേര്‍ന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എം.കെ. സ്റ്റാലിന്റെ പിറന്നാളാഘോഷ ചടങ്ങില്‍ നിരവധി നേതാക്കളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങിലെത്തിയിരുന്നു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന പിറന്നാളാഘോഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്.