| Tuesday, 23rd March 2021, 11:53 pm

ബീഹാറില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ പൊലീസ് അക്രമം; നിതീഷിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു വെന്നാണ് തേജസ്വിയാദവിന്റെ പ്രതികരണം.

‘നിതീഷിന്റെ സ്വേച്ഛാധിപത്യം അദ്ദേഹത്തിന്റെ പൊലീസ് സേനയിലേക്കും കടന്ന് വന്നിരിക്കുന്നു! യാതൊരു ആക്രമവും നടത്താതെ അവര്‍ കല്ലെടുത്തെറിയാനും ലാത്തി ചാര്‍ജ് നടത്താനും തുടങ്ങി. പ്രതിഷേധക്കാര്‍ സമാധാനപരമായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു.

മുഖ്യമന്ത്രീ, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു. ഓരോ തെറ്റിനും നിങ്ങള്‍ എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും,’ തേജസ്വി യാദവ് പറഞ്ഞു.

തേജസ്വിക്ക് പുറമെ പ്രിയങ്കാ ചതുര്‍വേദി, ലാലു പ്രസാദ് യാദവ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.

ബീഹാര്‍ മിലിറ്ററി പൊലീസിനെ ശക്തിപ്പെടുത്തുന്നതിനായി ബില്‍ നിയമസഭയില്‍ വെച്ചതിനെതുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പൊലീസ് സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആര്‍.ജെ.ഡി, സി.പി.ഐ.എം എം.എല്‍.എമാരെയാണ് മര്‍ദ്ദിച്ചത്.

ആര്‍.ജെ.ഡി എം.എല്‍.എ സുധാകര്‍ സിംഗ്, സി.പി.ഐ.എം എം.എല്‍.എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. യാദവിനെ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാര്‍ പ്രത്യേക സായുധ പൊലീസ് നിയമം,2021 കരിനിയമം ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ മേശപ്പുറത്ത് വെച്ചതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് പട്‌ന എസ്.എസ്.പി ഉപേന്ദ്ര സിംഗ് എം.എല്‍.എ ഉപേന്ദ്ര കുമാര്‍ ശര്‍മ ഇവരെ നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിന്മാറാന്‍ തയ്യാറാകാതിരുന്ന എം.എല്‍.എമാരെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav shows protest over bihar politicl row on RJD, CPIM mlas’.

We use cookies to give you the best possible experience. Learn more