ന്യൂദല്‍ഹി:ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തികള്‍ക്ക് വ്യാപാരമേഖലയില്‍ തട്ടിപ്പുകാരനാകാന്‍ എളുപ്പമാണെന്നും കാരണം അവരുടെ തെറ്റുകള്‍ ക്ഷമിക്കപ്പെടുമെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് തേജസ്വിയുടെ പരാമര്‍ശം.
എല്‍.ഐ.സിയുടെയോ മറ്റ് ബാങ്കുകളുടെയോ പണം തട്ടിയെടുത്ത് ഒളിവില്‍ പോയാല്‍ ആരാണ് അതിന് ഉത്തരവാദിയെന്നും തേജസ്വി യാദവ് ചോദിച്ചു. ബി.ജെ.പി അദാനി കൂട്ടുകെട്ടിനെ കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സര്‍ക്കാരിന്റെ കീഴിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ പണം തട്ടിയെടുത്ത കേസില്‍ മെഹുല്‍ ചോക്‌സിയെയും നീരവ് മോദിയെയും ഇന്ത്യ തിരയുകയാണ്. 2018 മുതല്‍ മെഹുല്‍ ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ താമസിച്ചുവരികയായിരുന്നു.
പിന്നീട് മെയ് 23 ന് ഇയാളെ കാണാതായി. പിന്നീട് അനധികൃതമായി രാജ്യത്തേക്ക് കടന്നെന്ന് ചൂണ്ടിക്കാട്ടി ഡോമിനിക്കയില്‍ ചോക്‌സി തടവിലാക്കപ്പെട്ടു.