പറഞ്ഞതു പോലെ ഒരു മാസത്തിനുള്ളില്‍ 19 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടി വരും: ആദ്യ സമ്മേളനത്തില്‍ തന്നെ നിതീഷിന് തേജസ്വിയുടെ മുന്നറിയിപ്പ്
പട്‌ന: പ്രകടന പത്രികയില്‍ ലക്ഷകണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ എന്‍.ഡി.എക്ക് മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. എന്‍.ഡി.എ വാഗ്ദാനം ചെയ്തതു പോലെ, ഒരു മാസത്തിനുള്ളില്‍ 19 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടക്കുമെന്ന് തേജസി യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
‘രാജ്യത്തെ തൊഴിലിലായ്മയുടെ തലസ്ഥാനമായി ബീഹാര്‍ മാറിക്കഴിഞ്ഞു. ആദ്യ മാസത്തില്‍ 19 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും.’ തേജസ്വി യാദവ് പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു സംസ്ഥാനത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ. ഇരു മുന്നണികളും ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.
തേജസ്വിയുടെ മഹാഗഡ്ബന്ധന്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞപ്പോള്‍ 19 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ മറുപടി വാഗ്ദാനം.
മാറ്റവും തൊഴിലവസരങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ആര്‍.ജെ.ഡി നയിച്ച മഹാഗഡ്ബന്ധന് വോട്ട് ചെയ്തവരെ നിരാശപ്പെടുത്തില്ലെന്നും തേജസ്വി പറഞ്ഞു. ‘1.56 കോടി ജനങ്ങളാണ് ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചത്. വിദ്യാഭ്യാസം, ജലസേചനം, ആരോഗ്യരംഗം, തൊഴിലവസരങ്ങള്‍ ഇക്കാര്യങ്ങളിലെല്ലാം അവര്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസം ഞങ്ങള്‍ തകര്‍ക്കില്ല.’ തേജസ്വി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക