| Sunday, 15th September 2024, 3:44 pm

ഒമ്പതില്‍ തോറ്റവനൊക്കെ തന്നെ, പക്ഷേ ഞാന്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റനായിരുന്നു; തുറന്നടിച്ച് മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റന്‍സിയില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. നിലവില്‍ ഇന്ത്യക്കായി കളിക്കുന്നവരില്‍ മിക്ക താരങ്ങളും തന്റെയൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണെന്നും യാദവ് പറഞ്ഞു.

ഒമ്പതാം ക്ലാസില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും പതിവായിരുന്നു. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോറും അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

മാതാപിതാക്കള്‍ രണ്ടു പേരും മുഖ്യമന്ത്രിമാരായ വ്യക്തിക്ക് പത്താം ക്ലാസ് ജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് അയാളുടെ വിദ്യാഭ്യാസത്തോടുള്ള മനോഭാവമാണ് കാണിക്കുന്നതെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.

ഇതിനിടെയാണ് താന്‍ വിരാട് കോഹ്‌ലിക്കൊപ്പം കളിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് ആരും ഒന്നും തന്നെ ചോദിക്കാത്തത് എന്നും തേജസ്വി പ്രതികരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി യാദവ് വിരാടിന്റെ സഹതാരമായിരുന്നു എന്ന് വ്യക്തമാക്കിയത്.

പരിക്ക് മൂലമാണ് തന്റെ കരിയര്‍ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ നാഷണല്‍ ലെവലില്‍ കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് താരമാണ്. അതേക്കുറിച്ച് ആരും ഒന്നും സംസാരിക്കാറില്ലല്ലോ? സാക്ഷാല്‍ വിരാട് കോഹ്‌ലി എന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുണ്ട്. അതേക്കുറിച്ചും ആരും മിണ്ടാറില്ല. അതെന്താണ് ആരും പറയാത്തത്?

വിരാടും തേജസ്വിയും സുഹൃത്തുക്കള്‍ക്കൊപ്പം. മെറൂണ്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചതാണ് തേജസ്വി യാദവ്

പ്രൊഫഷണല്‍ താരമെന്ന നിലയില്‍ മികച്ച പ്രകടനം ഞാന്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒട്ടേറെ താരങ്ങള്‍ എന്റെ സഹതാരങ്ങളായിരുന്നു.

എന്റെ രണ്ട് ലിഗ്മെന്റുകള്‍ക്ക് പരിക്കേറ്റതോടെയാണ് ഞാന്‍ സജീവ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.’ തേജസ്വി യാദവ് പറഞ്ഞു.

ആഭ്യന്തര തലത്തില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു യാദവ്. ടീമിനായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി-20 മത്സരങ്ങളില്‍ അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. ഒരു ഫസ്റ്റ് ക്ലാസ് മത്സരവും രണ്ട് ലിസ്റ്റ് എ മത്സരങ്ങളും നാല് ടി-20യും അടങ്ങുന്നതാണ് തേജസ്വിയുടെ കരിയര്‍.

ഇതിന് പുറമേ ഐ.പി.എല്ലില്‍ പത്ത് വര്‍ഷക്കാലം ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സ്‌ക്വാഡിലും തേജസ്വി ഇടം നേടിയിരുന്നു. 2008 മുതല്‍ 2018 വരെയായിരുന്നു താരം ദല്‍ഹി ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നില്ല.

Content Highlight: Tejashwi Yadav says he was Virat Kohli’s captain

We use cookies to give you the best possible experience. Learn more