| Friday, 15th June 2018, 1:01 pm

ബീഹാര്‍ ഭരിക്കുന്നത് 'ബലാത്ക്കാരി ജനതാ പാര്‍ട്ടി'; ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗയ(ബീഹാര്‍): യുവ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും 15 കാരിയായ മകളെയും 20 പേര്‍ അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.

ബീഹാറിലെ ക്രമസമാധാന നില മെച്ചപ്പെടുന്നുവെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദം ഇനിയും ഉയരട്ടെയെന്ന് തേജസ്വി യാദവ് പറഞ്ഞു.

ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് നിതീഷ് കുമാര്‍. ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരിന് കീഴില്‍ ഇത്രയും വലിയൊരു ക്രൂരകൃത്യം ബീഹാറില്‍ നടന്നിട്ടും ദല്‍ഹി ബേസ്ഡ് ആയുള്ള ചാനലുകളും മാധ്യമപ്രവര്‍ത്തകരും മൗനം പാലിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.


Also Read ‘ഏതുനിമിഷവും ഞാനും ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാം’ ; കാമുകിക്കൊപ്പം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്


ഇവിടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ബലാത്സംഗവും സ്ഥിരസംഭവമായിരിക്കുന്നു. എന്നാല്‍ സ്വയം പ്രഖ്യാപിത ദേശീയവാദികളും മാധ്യമപ്രവര്‍ത്തകരും ദീര്‍ഘമായ മൗനം തുടരുകയാണ്. ബി.ജെ.പിക്ക് കീഴില്‍ നടക്കുന്ന ഈ അതിക്രമത്തെ എതിര്‍ത്തു സംസാരിക്കാന്‍ പോലും ഒരാളും തയ്യാറാകുന്നില്ല. ബലാത്ക്കാരി ജനതാ പാര്‍ട്ടി ഭരിച്ചുകൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ബി.ജെ.പിയെ പരിഹസിച്ച് തേജസ്വി യാദവ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രി വീട്ടിലേക്ക് പോവും വഴിയായിരുന്നു സംഘം വഴിയില്‍ തടഞ്ഞ് ഡോക്ടറേയും കുടുംബത്തേയും ആക്രമിച്ചത്.

ഇവരില്‍ രണ്ട് പേരെ യുവതി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 12 പേരെ സംഭവദിവസം രാത്രിയിലും എട്ടു പേരെ ഇന്നലെ രാവിലെയുമായാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിടികൂടാന്‍ പ്രദേശത്തെ ജനങ്ങള്‍ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസിനെ സഹായിച്ചു.

ഇതേ സംഘം മുന്‍പ് പ്രദേശത്തെ വിദ്യാര്‍ത്ഥികളെ തടഞ്ഞ് മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more