| Monday, 23rd November 2020, 8:16 am

'മേവലാലിന്റെ രാജി ആവശ്യപ്പെട്ടു, അത് സംഭവിച്ചു,'; ബീഹാറിലെ അഴിമതിക്കെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറിലെ അഴിമതിയെക്കുറിച്ച് ഇനിയും ശബ്ദമുയര്‍ത്തുമെന്നും അവ പരസ്യപ്പെടുത്തുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മേവലാലിന്റെ രാജി ഞങ്ങള്‍ ആവശ്യപ്പെട്ടു, അത് സംഭവിച്ചു. ബീഹാറില്‍ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനിയും ഉന്നയിക്കും. അത് പരസ്യമാക്കുകയും ചെയ്യും,’ തേജസ്വി പറഞ്ഞു.

മേവലാലിനെതിരെ ഏത് അഴിമതിക്കേസാണ് വന്ന് കിടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അദ്ദേഹത്തെ മന്ത്രിയാക്കിയെന്നും തേജസ്വി പറഞ്ഞു. മേവലാലിന്റെ രാജി തേജസ്വിയുടെ വിജയമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

അഴിമതിയാരോപണത്തെത്തുടര്‍ന്ന് മേവലാല്‍ രാജിവെച്ച സാഹചര്യത്തില്‍ കെട്ടിട നിര്‍മാണ വകുപ്പ് മന്ത്രി അശോക് ചൗധരിയ്ക്കാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

നവംബര്‍ 16 നായിരുന്നു നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളിലാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ മേവലാലിന് രാജിവേക്കേണ്ടി വന്നത്.

കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ചൗധരിക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

ഐ.പി.സി 420, 120 ബി (വഞ്ചന, ക്രമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.

അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ വിദ്യാഭ്യാസ മന്ത്രിയാക്കുക വഴി തീവെട്ടിക്കൊള്ള നടത്താനുള്ള നേരിട്ടുള്ള അവസരം നിതീഷ് ഒരുക്കിയിരിക്കുകയാണെന്ന് തേജസ്വി നേരത്തെ പറഞ്ഞിരുന്നു.

ഭാഗല്‍പൂര്‍ ജില്ലയിലെ സബൂരിലെ ബീഹാര്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരിക്കെയാണ് നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് 67 കാരനായ ചൗധരിയെ 2017 ല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു സസ്പെന്‍ഡ് ചെയ്യുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും ജൂനിയര്‍ ശാസ്ത്രജ്ഞരെയും നിയമിക്കുന്നതില്‍ അഴിമതിയുണ്ടെന്ന അന്നത്തെ വി.സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആ വര്‍ഷം ഫെബ്രുവരിയില്‍ ചൗധരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മഹാസഖ്യം അധികാരത്തിലിരിക്കെയായിരുന്നു സംഭവം. അന്ന് പ്രതിപക്ഷമായ ബി.ജെ.പി ചൗധരിക്കെതിരെ കടുത്ത ആക്രമണമായിരുന്നു ഉയര്‍ത്തിയത്.

എന്നാല്‍ 2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ടിക്കറ്റില്‍ മത്സരിക്കാനായി ചൗധരി ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് മുന്‍ഗെര്‍ ജില്ലയിലെ താരാപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ അതേ സീറ്റ് നിലനിര്‍ത്തിയാണ് ചൗധരി വിദ്യാഭ്യാസ മന്ത്രി പദത്തില്‍ എത്തിയത്.

ചൗധരിയെ മന്ത്രിസ്ഥാനത്ത് മാറ്റുന്നതുവരെ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന് സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി കുനാല്‍ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav said he will raise corruption issues

We use cookies to give you the best possible experience. Learn more